തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. തീപിടിത്തം ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ വിശദീകരണം തള്ളി. റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമർപ്പിച്ചു.
തീപിടിത്തതിന് കാരണം ഷോർട്ട് സർക്യൂട്ട് എന്നായിരുന്നു സർക്കാരിന്‍റെയും സർക്കാർ നിയോഗിച്ച അന്വേഷണ സമിതികളുടെയും വിശദീകരണം. എന്നാല്‍ ഇതെല്ലാം കണ്ണില്‍ പൊടിയിടല്‍ മാത്രമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഫൊറന്‍സിക് പരിശോധനാഫലം. മുറിയിലുണ്ടായിരുന്ന 24 വസ്തുക്കള്‍ ഫൊറന്‍സിക് പരിശോധിച്ചു. മുറിയിലുണ്ടായിരുന്ന സാനിറ്റൈസറിന് തീപിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സ്വിച്ചില്‍ നിന്ന് ഫാനിലേക്കുള്ള വയറിംഗ് പരിശോധിച്ചതില്‍ ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ല.
സർക്കാരിന്‍റെ വാദങ്ങളെല്ലാം പൊളിക്കുന്നതും പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതുമായ കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു എന്നാരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോയിരുന്നു.