BREAKING NEWS : യുഎഇയിലും കൊറോണ വൈറസ് : ആദ്യ കേസ് സ്ഥിരീകരിച്ചു

Wednesday, January 29, 2020

ദുബായ് : ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് ഉത്ഭവിച്ച് ഇതുവരെ 132 പേര്‍ കൊല്ലപ്പെടുകയും ലോകമെമ്പാടും 6,000 ത്തോളം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്ത, കൊറോണ വൈറസിന്റെ ആദ്യ കേസ് , യുഎഇയില്‍ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ-സാമൂഹിക സംരക്ഷണ മന്ത്രാലയം ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയത്.

ഇപ്രകാരം, ചൈനയിലെ വുഹാനില്‍ നിന്ന് യുഎഇയിലേക്ക് വന്ന ഒരു കുടുംബത്തിനാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. അതേസമയം, രോഗബാധിതരുടെ ആരോഗ്യം സുസ്ഥിരമാണെന്നും മെഡിക്കല്‍ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. വൈറസ് ബാധിതരെ കണ്ടെത്താനായി യുഎഇയില്‍ അത്യാധുനിക നിലവാരത്തിലുള്ള അന്വേഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയ അധികൃതര്‍ പറഞ്ഞു. രാജ്യത്തെ ആരോഗ്യ സംവിധാനം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുനല്‍കുന്ന വിധത്തില്‍, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജ്യത്ത് രോഗം സ്ഥീരീകരിച്ചതോടെ, ഇനി കര്‍ശന നിയന്ത്രണത്തിന് സാധ്യതകളുണ്ടെന്നും ഞങ്ങളുടെ ദുബായ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.