“കപ്പ് ബ്രസീലെടുക്കും പ്രതാപാ”; ടി.എൻ പ്രതാപൻ എംപിയോട് പ്രതിപക്ഷ നേതാവ്; ലോകകപ്പ് ആവേശം രാഷ്ട്രീയത്തിലും

Jaihind Webdesk
Sunday, November 20, 2022

ഫുട്ബോൾ ലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഫുട്ബോൾ ആവേശത്തിൽ രാഷ്ട്രീയ നേതാക്കളും. താനൊരു കടുത്ത ബ്രസീൽ ആരാധകനാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ  ഫേസ്ബുക് പോസ്റ്റിന് താഴെ വെല്ലുവിളിയുമായി വന്നിരിക്കുകയാണ് തൃശ്ശൂർ എംപി ടിഎൻ പ്രതാപൻ.

‘കപ്പ് അർജന്‍റീനക്കുള്ളതാണ് സതീശാ… മെസ്സി ഖത്തർ ലോകകപ്പ് ഇങ്ങെടുക്കുവാ‘ എന്നായിരുന്നു ടി എന്‍  പ്രതാപന്‍റെ കമന്‍റ് , ഉടൻ തന്നെ പ്രതിപക്ഷനേതാവും തിരിച്ചടിച്ചു.

‘ഇത് നമ്മുടെ രണ്ടു പേരുടെയും സ്നേഹിതൻ സുരേഷ് ഗോപി തൃശൂരിങ്ങെടുക്കുകയാ എന്ന് പറഞ്ഞത് പോലെയാണ്. തൃശൂർ നിങ്ങളല്ലെ എടുത്തത്. അത് പോലെ കപ്പ് ബ്രസീലെടുക്കും പ്രതാപാ…’ – പ്രതിപക്ഷ നേതാവ് ഗോള്‍ മടക്കി.

ബ്രസീൽ .. ബ്രസീൽ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം. ഐതിഹാസികമായ തനിമയാണ് എന്നും ബ്രസീലിയൻ ഫുട്ബോളിനെ നിലനിർത്തുന്നത് . സവിശേഷമായൊരു ശൈലി ആരാധകരെ അവരുടെ മുന്നിലേക്ക് കൊണ്ടുവരുന്നു. മഞ്ഞയും പച്ചയും നീലയും കലർന്ന ആ ജഴ്സി ഒരു അടയാളമാണ്. ബാല്യ കൗമാര കാലഘട്ടം മുതൽ ആ ജഴ്സി എനിക്കൊരു വൈകാരികതയാണ് . എന്റെ തലമുറ പെലെയെ ഒരു അനുഭവമായി മനസിൽ കൊണ്ട് നടന്നവരാണ്. അതുകൊണ് തന്നെ ബ്രസീൽ അല്ലാതെ മറ്റാര് എന്നൊരു ചോദ്യം പോലും മനസിലില്ല. ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഖത്തർ . അവിടെ ലോകം ഒരു പന്തിന് ചുറ്റും ഓടി നടക്കും. ആ പന്ത് ലോകത്തെ ഏറ്റവും സുന്ദരമായതെല്ലാം സൃഷ്ടിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു