പിണറായിയെ നിര്‍ത്തിപ്പൊരിച്ച് ബ്രാഞ്ച് സമ്മേളനങ്ങള്‍; ഓഫീസിനെയും പോലീസിനെയും മുഖ്യമന്ത്രി കയറൂരി വിട്ടെന്ന് വിമര്‍ശനം

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും, ആഭ്യന്തരവകുപ്പിനും സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. മുഖ്യമന്ത്രി തന്‍റെ ഓഫീസിനെയും പോലീസിനെയും കയറൂരി വിട്ടെന്നാണ് വിമര്‍ശനം. പി.വി അന്‍വറിന്‍റെ ആരോപണത്തിലെ വസ്തുതകള്‍ അറിയണമെന്നും ഈ ആവശ്യം പാര്‍ട്ടി കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പോലീസിനെ നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് തിരിച്ചടിയാവുമെന്നും സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു.

ഇത് ആദ്യമായിട്ടല്ല ആഭ്യന്തരവകുപ്പിനും, സംസ്ഥാന പോലീസ് സംവിധാനങ്ങള്‍ക്കുമെതിരെ സിപിഎമ്മിനുള്ളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നത്. പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉള്ളതാണ്. സിപിഎം മാത്രമല്ല, ഘടകകക്ഷിയായ സിപിഐയും സമാന ആരോപണവുമായി നേരത്തെ രംഗത്തുവന്നിരുന്നു.

അതേസമയം പി.വി. അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ ഇടതുപക്ഷത്ത് വലിയ കോളിളക്കമാണ് സൃഷ്ടിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെയും സിപിഐ സംസ്ഥാന കൗണ്‍സില്‍ ഇന്നും ചേരുമ്പോള്‍ അന്‍വറിന്‍റെ ആരോപണം തന്നെയാകും ചര്‍ച്ചയാകുക. മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സിപിഎമ്മും അന്വേഷണം നടത്തുമെന്നാണ് സൂചന. ആരോപണവിധേയരായ എഡിജിപിയേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെയും സംരക്ഷിക്കുന്ന സര്‍ക്കാരിന്‍റെ അന്വേഷണം പ്രഹസനമാവുമെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് പാര്‍ട്ടിയുടെ ഇടപെടല്‍.

Comments (0)
Add Comment