വി എം സതീഷിനെ കുറിച്ചുള്ള പുസ്തകത്തിന് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ മികച്ച പ്രതികരണം

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തക മേളയായ ഷാർജ രാജ്യാന്തര പുസ്തക മേള വിജയകരമായ ആദ്യ ഒരാഴ്ച പിന്നിട്ടു. ഇന്ത്യ ഉൾപ്പടെ 77 രാജ്യങ്ങളിൽ നിന്നുള്ള 1,874 പ്രസാധകർ പുസ്തക മേളയിൽ പങ്കെടുക്കുന്നു. യുഎഇയിൽ മാധ്യമ പ്രവർത്തകനായിരുന്ന മലയാളി, അന്തരിച്ച വി എം സതീഷിനെ കുറിച്ചുള്ള, പുസ്തകത്തിന് മേളയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഗൾഫിൽ അന്തരിച്ച മാധ്യമപ്രവർത്തകൻ വി.എം. സതീഷിന്റെ ജീവിതത്തെയും ഓർമ്മകളെയും സമാഹരിച്ച് അക്ഷരക്കൂട്ടം പുറത്തിറക്കുന്ന ‘വി. എം. സതീഷ്: എഡിറ്റ് ചെയ്യാത്ത ജീവിതം’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. എക്‌സ്‌പോ സെന്ററിലെ ബാൾ റൂമിൽ നടനും സംവിധായകനുമായ ജോയ് മാത്യുവാണ് പ്രകാശനം നിർവഹിച്ചത്. സതീഷിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പ്രമുഖ മാധ്യമപ്രവർത്തകരും സുഹൃത്തുക്കളും നിരവധി എഴുത്തുകാരും ചേർന്ന് തയ്യാറാക്കിയ പുസ്തകത്തിൽ 49 ലേഖനങ്ങളും ഒരു അഭിമുഖവുമുണ്ട്. പി. ശിവപ്രസാദ് എഡിറ്ററായുള്ള പത്രാധിപസമിതിയാണ് പുസ്തകം തയാറാക്കിയത്. ഇസ്മയിൽ മേലടി, വനിതാ വിനോദ്, ഇ.കെ. ദിനേശൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ലിയോ ജയന്റെ കവർ ഡിസൈനോടുകൂടിയ പുസ്തകത്തിന്റെ പ്രസാധകർ സീ ഫോർ (Z4)ബുക്‌സ് ആണ്.

https://youtu.be/IDnTktKo0Ps

sharjah international book fairVM Sathish
Comments (0)
Add Comment