കണ്ണൂരില്‍ ആർഎസ്എസ് പ്രവർത്തകന്‍റെ വീടിന് സമീപം ബോംബ് സ്ഫോടനം; അന്വേഷണം

 

കണ്ണൂർ: കാങ്കോൽ ആലക്കാട് ആർഎസ്എസ് പ്രവർത്തകന്‍റെ വീടിനു സമീപം സ്ഫോടനം. ആലക്കാടെ കെ.എം. ബിജുവിന്‍റെ വീടിനു സമീപം ഇന്നലെ വൈകിട്ടാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ബിജുവിന്‍റെ വളർത്തുനായ ചത്തിരുന്നു. സ്ഫോടനത്തിൽ ബിജുവിന് പരിക്കേറ്റതായും സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പയ്യന്നൂർ ആലക്കാട്ടെ ആർഎസ്എസ് നേതാവ് ആലക്കാട് ബിജുവിന്‍റെ വീടിനടുത്ത റോഡിൽ തിങ്കളാഴ്‌ച വൈകുന്നേരത്തോടെയാണ് സ്ഫോടനം ഉണ്ടായത്. നാടൻ ബോംബു പൊട്ടി നായ ചത്തു. നായ ബോംബ് കടിച്ചതാണ് വൻ സ്ഫോടനത്തോടെ ബോംബു പൊട്ടാൻ കാരണമായതെന്നാണ് പരിസരവാസികൾ പറയുന്നത്. സ്ഫോടന ശബ്ദം കേട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തുന്നതിന് മുന്നെ നായയെ മറവ് ചെയ്തു. എന്നാൽ സ്ഫോടനത്തെ തുടർന്ന് ചിന്നിച്ചിതറിയ നായയുടെ ശരീര ഭാഗങ്ങൾ റോഡിന്‍റെ പരിസരത്ത് തന്നെ കിടന്നു. നിർമ്മിച്ചു വെച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസിന്‍റെ നിഗമനം. സ്ഫോടനത്തിൽ ബിജുവിന് പരിക്കേറ്റതായും സൂചനയുണ്ട്. എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

മുമ്പും ബിജുവിന്‍റെ വീട്ടില്‍ നിരവധി തവണ ബോംബു സ്ഫോടനം നടന്നിരുന്നു. കൊലക്കേസിൽ ഉൾപ്പടെ പ്രതിയായ ബിജുവിന് എതിരെ കാപ്പയും ചുമത്തിയിരുന്നു. ജാമ്യം കിട്ടിയതിനെ തുടർന്നാണ് ബിജു വീണ്ടും നാട്ടിലെത്തിയത്. സ്ഫോടനം നടന്ന സ്ഥലത്ത് പോലീസ്ക്യാമ്പ് ചെയ്യുന്നുണ്ട്. പയ്യന്നൂർ ഡിവൈഎസ്പി കെ.ഐ. പ്രേമചന്ദ്രന്‍റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)
Add Comment