പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ബോംബാക്രമണം. ഓഫീസിന്റെ ചില്ലുകൾ തകർന്നു. ഓഫീസ് തീയിടാനും ശ്രമം. അക്രമത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് കോൺഗ്രസ്. സംഭവത്തെത്തുടർന്ന് കോൺഗ്രസ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചു.
പേരാമ്പ്ര പ്രസിഡന്‍സി കോളേജ് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ ഓഫീസ് കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഓഫീസിന്‍റെ ഒന്നാം നിലയിലെ മുഴുവന്‍ ജനല്‍ ചില്ലുകളും ഗ്ലാസ് വാതിലും പൂര്‍ണമായി തകര്‍ന്നു. നിലത്ത് പതിച്ച ടൈലുകളും നശിപ്പിച്ചു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ഹര്‍ത്താല്‍ നടത്തുന്നു. വൈകീട്ട് 6 വരെ പേരാമ്പ്രയില്‍ ഹര്‍ത്താലിന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. യുഡിഫിന്‍റെ നേതൃത്തിൽ ശക്തമായ പ്രതിഷേധമാണ് പ്രദേശത്തു നടക്കുന്നത്.
നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിനു തയ്യാറെടുത്തിരുന്ന മൂന്നു നില കെട്ടിടമാണ് അക്രമത്തിൽ പൂർണമായും തകർന്നത്. ഓഗസ്റ്റ് ഒന്നിന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ അസൗകര്യത്താൽ ഓഗസ്റ്റ് 8ലേക്ക് മാറ്റുകയായിരുന്നു.
ചാവക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്‍റെ മരണത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. തുടർന്ന് ഓഫീസിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പോലീസ്
നടപടി സ്വീകരിച്ചിട്ടില്ല. വിഷയത്തിൽ പോലീസ് ഇടപെടുന്നില്ലെന്നും എസ്ഡി പിഐ യെ സഹായിക്കുന്നു എന്നുമാണ് പ്രദേശത്തെ കോൺഗ്രസ് പ്രവര്‍ത്തകരുടെ പരാതി.
പേരാമ്പ്ര കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു. ഇതൊക്കെ എസ്.ഡി.പി.ഐ.യുടെ നേതൃത്വത്തില്‍ നടക്കുന്ന ഗുരുതരമായ അക്രമങ്ങളാണെന്നും പോലീസ് കൈയും കെട്ടി നോക്കിനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിന്മേല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.