പല മണ്ഡലങ്ങളിലും കള്ളവോട്ട് ; പരാതി, പ്രതിഷേധം

Jaihind Webdesk
Tuesday, April 6, 2021

വോട്ടെടുപ്പ് അവസാന ഘട്ടത്തിലെത്തുമ്പോള്‍ പല മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി. വോട്ട് ചെയ്തതിരിക്കുന്നതായി പ്രിസൈഡിംഗ് ഓഫീസർ അറിയിച്ചതോടെ വിവിധ  മണ്ഡലങ്ങളില്‍ എത്തിയ വോട്ടർമാർക്ക് മടങ്ങേണ്ടിവന്നു. തുടർന്ന് ഇവർ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി. പ്രതിഷേധം ഉയർന്നതോടെ ഇവരെ ടെൻഡർ വോട്ട് ചെയ്യാൻ അനുവദിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് കഴക്കൂട്ടം, പാറശാല മണ്ഡലങ്ങളിലും ഇടുക്കിയിൽ ദേവികുളത്തും ഇത്തരം സംഭവങ്ങളുണ്ടായി. കഴക്കൂട്ടം ചന്തവിള ബൂത്ത് നമ്പർ 24ൽ വോട്ടറായ ജോയിയുടെ വോട്ട് തപാൽ വോട്ടായി മറ്റാരോ രേഖപ്പെടുത്തി. പാറശാല പെരുങ്കടവിള സ്വദേശികളായ ബാലകൃഷ്ണൻ നായർ, കെ.ബി ചന്ദ്രശേഖരൻ നായർ എന്നിവരുടെ വോട്ടുകള്‍ മറ്റാരോ തപാൽ വോട്ടുകളായി ചെയ്തു.

ഇടുക്കി ബൈസൺവാലി ടീ കമ്പനി മായൽത്തമാത ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ വൃദ്ധ ദമ്പതികളുടെ വോട്ടും മറ്റാരോ ചെയ്തു. ഇതോടെ ഇവർക്ക് വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടിവന്നു. കോഴിക്കോട് നാദാപുരം എടച്ചേരി പഞ്ചായത്തിലെ കച്ചേരി നോർത്ത് എൽപി സ്കൂളിലെ 10ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. കുനിയിൽ ആയിശ വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റാരോ ചെയ്തതായി പ്രിസൈഡിംഗ് ഓഫീസർ അറിയിച്ചു.

തൃപ്പൂണിത്തുറയിൽ സർക്കാർ ഗേൾസ് എൽപി സ്കൂളിലെ 51 എ ബൂത്തിൽ 864ാം ക്രമനമ്പറുകാരനായ യുവാവിന്‍റെ വോട്ടാണ് കള്ളവോട്ടായി ചെയ്തത്. തൃക്കാക്കര 112എ ബൂത്തിലും കള്ളവോട്ട് നടന്നു. കളമശേരി മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂർ എൽപി സ്കൂൾ 77-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി പരാതി ഉയർന്നത്. ഇവിടെ അര മണിക്കൂറോളം വോട്ടെടുപ്പ് തടസപ്പെട്ടു. അജയ് ജി.കൃഷ്ണ എന്ന ആളുടെ വോട്ട് നേരത്തേ ആരോ ചെയ്തു പോയതായാണ് പരാതി. ഇദ്ദേഹത്തിന് പിന്നീട് ടെൻഡർ വോട്ട് രേഖപ്പെടുത്താൻ അനുമതി നൽകി.

സിപിഎമ്മിന്‍റെ കള്ളവോട്ട് തടയാനുള്ള ശ്രമത്തിനിടെ യുഡിഎഫ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവങ്ങളുമുണ്ടായി. കണ്ണൂരിലാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൂടുതലായി റിപ്പോർട്ട് ചെയ്തപ്പെട്ടത്. യുഡിഎഫ് ബൂത്ത് ഏജന്‍റുമാർക്കാണ് മർദനമേറ്റത്.