വയനാട്ടില്‍ ചരിഞ്ഞ കൊമ്പന്‍റെ ജഡം സ്ഥലത്തുനിന്ന് മാറ്റി; കണ്ടു നിന്നവരുടെ കണ്ണ് നനയിച്ച ദൗത്യം

വയനാട്: വയനാട് പനമരത്ത് ഷോക്കേറ്റ് ചരിഞ്ഞ കൊമ്പന്‍റെ ജഡം സ്ഥലത്തുനിന്ന് മാറ്റി. ജനവാസമേഖലയോട് ചേര്‍ന്നുള്ള കാപ്പിത്തോട്ടത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജഡം അല്‍പദൂരം വലിച്ചുമാറ്റിയ ശേഷമാണ് ക്രെയിനുപയോഗിച്ച് ഉയര്‍ത്താൻ ശ്രമിച്ചത്. പ്രദേശത്തെ വൈദ്യുത ലൈനുകളെല്ലാം ഓഫ് ചെയ്ത ശേഷമാണ്  ദൗത്യം നടത്തിയത്.  പലതവണ ക്രെയിനുപയോഗിച്ച് ആനയുടെ ജഡം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമാവുകയായിരുന്നു. ഒടുവില്‍ ജഡം ഉയര്‍ത്തി ലോറിയിലേക്ക് കയറ്റി. എന്നാല്‍ ഇത് കണ്ടു നിന്നവരുടെ കണ്ണ് നനഞ്ഞു.

മഹ്സര്‍ പൂര്‍ത്തിയാക്കി, പോസ്റ്റുമോര്‍ട്ടവും പൂര്‍ത്തിയാക്കിയ ശേഷം കൊമ്പന്‍റെ ജഡം മുത്തങ്ങയിലെ ‘വള്‍ച്ചര്‍ റെസ്റ്റോറന്‍റ്’ അഥവാ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന കഴുകന്മാര്‍ക്ക് ചത്ത ജീവികളുടെ ശരീരം ഭക്ഷണമായി നല്‍കുന്നിടത്തേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. വയനാട് പനമരം നീര്‍വാരം അമ്മാനിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു കാട്ടനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപത്തുള്ള തെങ്ങ് മറിച്ചിടാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റാണ് ആന ചരിഞ്ഞത്. രാവിലെ കറന്‍റ് പോയപ്പോള്‍ വീട്ടുകാർ സ്ഥലത്തെത്തി പരിശോധിക്കുന്നതിനിടയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.

 

Comments (0)
Add Comment