ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ രക്തക്കറ: നവീന്‍ ബാബുവിന്‍റെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നവെന്ന് കെ. സുധാകരന്‍ എംപി

 

കണ്ണൂര്‍: ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലേയും പൊരുത്തകേടുകള്‍ എഡിഎം നവീന്‍ ബാബുവിന്‍റെ  മരണത്തിലെ ദുരൂഹതിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി

നവീന്‍ ബാബുവിന്‍റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായിട്ടാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ മൃതദേഹ പരിശോധന റിപ്പോര്‍ട്ടില്‍ രക്തക്കറയുടെയോ പരിക്കിന്‍റെയോ പരാമര്‍ശങ്ങളില്ല. പോലീസിന്‍റെ എഫ്ഐആറിലും രക്തക്കറയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്ല. ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തിയ രക്തക്കറയുടെ ഉറവിടമായ പാടുകള്‍ നവീന്‍ ബാബുവിന്‍റെ ശരീരത്തില്‍ നിന്ന് കണ്ടെത്താന്‍ എന്തുകൊണ്ട് പോസ്റ്റുമോര്‍ട്ടത്തില്‍ സാധിച്ചില്ലെന്നത് നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യമാണെന്ന് കെ.സുധാകരന്‍ പറഞ്ഞു.

നവീന്‍ ബാബുവിന്‍റെ ബന്ധുക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ അനുമതിയില്ലാതെയാണ് പോലീസ് ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്. ഇതിനെതിരെ കോണ്‍ഗ്രസ് അന്ന് പ്രതിഷേധം ഉയര്‍ത്തിയതാണ്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടി മാറ്റണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടതായും നവീന്‍ ബാബുവിന്‍റെ ബന്ധു അനില്‍ പി. നായര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തപ്പെട്ട പി. പി ദിവ്യയുടെ ഭര്‍ത്താവും പരാതിക്കാരനായ പ്രശാന്തനും ജോലി നോക്കിയിരുന്നത് പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു. കുടുംബത്തിന്‍റെ അസാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തുകയും അവരുടെ എതിര്‍പ്പ് മറികടന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയതും ഏതെങ്കിലും ബാഹ്യമായ ഇടപെടല്‍ കൊണ്ടാണോയെന്ന് പരിശോധിക്കേണ്ടതാണെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

കുറ്റാരോപിതയെ സംരക്ഷിച്ച പിണറായി വിജയന്‍റെ പോലീസ് സംവിധാനത്തില്‍ അന്വേഷിച്ചാല്‍ നവീന്‍ ബാബുവിന്‍റെ മരണത്തിലെ ദുരൂഹത നീങ്ങുകയില്ല. നവീന്‍ ബാബുവിന്‍റെ മരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് വരണമെങ്കില്‍ സര്‍ക്കാര്‍ കുടുംബത്തിന്‍റെ ആവശ്യത്തിനൊപ്പം നില്‍ക്കണം. പരാതിക്കാരനായ പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്നും കളക്ടറുടെ മൊഴിമാറ്റത്തിന് പിന്നിലെ കാരണം എന്താണെന്നും കണ്ടെത്തണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment