കണ്ണൂരില്‍ വീണ്ടും ബോംബ് നിർമാണത്തിനിടെ സ്ഫോടനം ; സി.പി.എം പ്രവർത്തകന് ഗുരുതര പരിക്ക്

കണ്ണൂർ : കണ്ണൂർ മട്ടന്നൂർ നടുവനാട് സി.പി.എം പ്രവർത്തകന്‍റെ വീട്ടിൽ ഉഗ്രസ്ഫോടനം. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന് സൂചന. സി.പി.എം പ്രവർത്തകൻ രാജേഷ് എന്ന മുനച്ചന് ഗുരുതര പരിക്ക്. ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്ഥലം സന്ദർശിക്കാനെത്തിയ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനിയെ സി.പി.എം പ്രവർത്തകർ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു.

ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന് സൂചന. സംഭവസ്ഥലത്തുണ്ടായിരുന്ന 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രജിത്ത്, സന്ദീപ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. നടുവനാട് തളച്ചങ്ങാട് എ.കെ.ജി നഗറിലെ വീട്ടിലാണ് സ്ഫോടനം നടന്നത്. സ്ഥലത്ത് പോലീസ് എത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്തു മുമ്പും സ്ഫോടനങ്ങൾ ഉണ്ടാവാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

സ്ഫോടനം നടന്ന വീട് സന്ദർശിക്കാനെത്തിയ കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് സതീൻ പാച്ചേനിയേയും സംഘത്തെയും സി.പി.എം പ്രവർത്തകർ തടഞ്ഞു കയ്യേറ്റം ചെയ്തു. സി.പി.എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് തടഞ്ഞത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉൾപ്പടെയുള്ള നേതാക്കളെയാണ് തടഞ്ഞത്. പ്രവർത്തകരും മറ്റു നേതാക്കളും ഇടപെട്ടാണ് സതീശൻ പാച്ചേനിക്ക് നേരെയുള്ള അക്രമം തടഞ്ഞത്. സ്ഥലം സന്ദർശിക്കുമെന്ന് പൊലീസിനെ അറിയിച്ചെങ്കിലും ആവശ്യത്തിന് സുരക്ഷ ഒരുക്കിയില്ല.

സ്ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം നടന്നത് മറച്ചുവെക്കുന്നതിന് വേണ്ടിയാണ് സി.പി.എം പ്രവർത്തകർ സ്ഥലം സന്ദർശിക്കുന്നത് തടഞ്ഞതെന്ന് സതീശൻ പാച്ചേനി പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് ആയുധങ്ങൾ കണ്ടെത്തി. വാൾ ഉൾപ്പടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. നേരത്തെ കണ്ണൂർ പൊന്ന്യത്ത് സി.പി.എം ശക്തികേന്ദ്രത്തില്‍ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനത്തില്‍ സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തില്‍ ടി.പി വധക്കേസ് പ്രതി എം റമീഷിന്‍റെ  ഇരു കൈകളും തകർന്നിരുന്നു. നിർമിച്ചുവെച്ചിരുന്ന 12 സ്റ്റീൽ ബോംബുകളും അന്ന് കണ്ടെടുത്തിരുന്നു.

 

സ്ഫോടനത്തില്‍ പരിക്കേറ്റ രാജേഷ്

Comments (0)
Add Comment