പാകിസ്ഥാനിലെ ക്വറ്റയിൽ ചൈനീസ് അംബാസഡർ താമസിച്ച ആഡംബര ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ നാലുപേർ മരിച്ചു. സ്ഫോടനത്തില്‍ 12 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടന സമയത്ത് ചൈനീസ് അംബാസഡർ ഉള്‍പ്പെടുന്ന സംഘം ഹോട്ടലിൽ ഉണ്ടായിരുന്നില്ല.
പാക്കിസ്ഥാനിലെ ആഡംബര ഹോട്ടൽ ശൃംഖലയായ സെറീനയുടെ ക്വറ്റയിലുള്ള ഹോട്ടലിന്റെ കാർ പാർക്കിംഗിലാണ് സ്ഫോടനമുണ്ടായത്. ഒരു വാഹനത്തിൽ വച്ചിരുന്ന ഐഇഡി ആണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ അസർ ഇക്രം അറിയിച്ചു. സ്ഫോടനത്തില്‍ 4 പേർ മരിച്ചതായും 12 പേർക്ക് പരിക്കേറ്റതായും പാക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാൻ താലിബാൻ ഏറ്റെടുത്തു. ചൈനീസ് അംബാസഡർ നോംഗ് റോംഗ് ഉള്‍പ്പെടെ നാല് പേരാണ് ചൈനീസ് സംഘത്തിലുണ്ടായിരുന്നു. ഒരു മീറ്റിംഗില്‍ പങ്കെടുക്കുന്നതിനായി സംഘം പുറത്തുപോയ സമയത്തായിരുന്നു സ്ഫോടനമുണ്ടായത്. സംഭവത്തിൽ ചൈനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.