കരിമണല്‍ ഖനനം അവസാനിപ്പിക്കണം; തീരദേശപാത കെ-റെയില്‍ പോലെയെന്ന് കെ.സി. വേണുഗോപാല്‍ എംപി

 

ആലപ്പുഴ: കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കരിമണൽ ഖനനം പുനഃരാരംഭിച്ച ഏകപക്ഷീയമായ നടപടി അംഗീകരിക്കാനാവില്ല. വയനാട്ടിലെ ദുരന്തത്തിന്‍റെ മറവില്‍ അവസരം മുതലെടുത്താണ് കരിമണൽ ഖനനത്തിനുള്ള നീക്കമെന്നാണ് സംശയം. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് പരിശോധിക്കണം. തീരദേശ പാത കെ-റെയിൽ പോലെയുള്ള സങ്കൽപ്പമാണെന്നും അതിനെ അംഗീകരിക്കില്ലെന്നും കെ.സി. വേണുഗോപാൽ എംപി ചേർത്തലയിൽ പറഞ്ഞു.

തീരദേശപാതയുടെ പേരിൽ കുടിയൊഴിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി. കുട്ടനാടും തീരദേശവും സംരക്ഷിക്കാൻ പുതിയ പദ്ധതിയാണ് ആവശ്യം. തീരദേശപാത കെ-റെയിൽ പോലെയുള്ള സങ്കൽപ്പ പദ്ധതിയാണ്. നിലവിലുള്ള തീരദേശപാത ബലപ്പെടുത്തുകയാണ് വേണ്ടതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. “നിലവിലുള്ള ദേശീയ പാത തന്നെ തീരദേശപാതയാണ്. അതിനപ്പുറം മറ്റൊരു പാതയുടെ ആവശ്യമില്ല. അത് കെ-റെയിൽ പോലെയുള്ള സങ്കൽപ്പമാണ്. ഇനിയും ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള നടപടിയെ അംഗീകരിക്കില്ല” – അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകളിൽ സ്റ്റിക്കർ പതിക്കുന്നത് അപഹാസ്യമാണെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേർത്തു. അടയാളങ്ങളും ചിഹ്നങ്ങളും പതിക്കരുതെന്നും കേന്ദ്ര സർക്കാരിന്‍റെ പണം ജനങ്ങളുടെ പണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)
Add Comment