കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസിന്റെ അന്വേഷണം ബി ജെ പി നേതാക്കളിലേക്ക്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ യുവമോർച്ച സുനിൽ നായിക്കിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അതിനിടെ പണം കൊടുത്തയച്ച ധർമ്മരാജൻ ആർ.എസ്.സ് അംഗമെന്ന് റൂറല്‍ എസ് പി ജി പൂങ്കുഴലി വ്യക്തമാക്കി.
കൊടകരയിൽവെച്ച് വാഹനം തട്ടിയെടുത്ത് പണം കവർന്നതായി ധർമരാജന്റെ ഡ്രൈവറായ ഷംജീറാണ് പൊലീസിൽ പരാതി നൽകിയത്. കോഴിക്കോട്ടെ അബ്കാരി വ്യവസായിയാണ് ധർമരാജൻ. ഇയാൾ ആർ എസ് എസ് അംഗമാണ്. ധർമരാജൻ നൽകിയ മൊഴി അനുസരിച്ചാണ് സുനിൽ നായിക്കിനെ ചോദ്യം ചെയ്തത്. പണം നൽകിയത് സുനിൽ നായിക്കാണെന്ന് ധർമരാജൻ വെളിപ്പെടുത്തിയിരുന്നു. അതേസമയം ധർമരാജനുമായി ബിസിനസ് ബന്ധം മാത്രമേയുള്ളൂവെന്ന് സുനിൽ നായിക് പറയുന്നു. നൽകിയ പണത്തിന് രേഖകളു ണ്ടെന്നും ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. സംഭവത്തില്‍ ബി.ജെ.പി. ബന്ധം വ്യക്തമല്ലെന്നാണ് ഇപ്പോഴും പോലീസിന്റെ നിലപാട്. ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് റൂറൽ എസ് പി ജി പൂങ്കുഴലി വ്യക്തമാക്കി.
അതിനിടെ കേസിൽ ഒളിവിലുള്ള പ്രതികള്‍ക്കായി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒന്ന് മുതൽ മൂന്ന് വരെ പ്രതികളായ അലി എന്ന അലിസാജ്, സുജീഷ്, രഞ്ജിത്ത്, എന്നിവർക്ക് വേണ്ടിയും പുതിയതായി പ്രതിചേർത്ത അബ്ദുൾ റഷീദ്, എഡ്വിൻ എന്നിവർക്കുമായാണ് ലുക് ഔട്ട് നോട്ടീസ്.