കൊടകര കുഴൽപ്പണക്കേസ് : ബിജെപി സംസ്ഥാന സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു ; കൂടുതൽ തെളിവുകൾ പൊലീസിന്

Jaihind Webdesk
Friday, May 28, 2021


തൃശ്ശൂര്‍ : കൊടകര കുഴൽപ്പണ കേസിൽ ബി ജെ പി നേതൃത്വത്തിന് കുരുക്ക് മുറുകുന്നു. നേതൃ നിരയിലെ പ്രമുഖരിലേക്കാണ് അന്വേഷണം നീങ്ങുന്നത്. സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷിനെ ചോദ്യം ചെയ്യുന്നതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നിർണായകമാകും. ഇതുവരെ ലഭിച്ച പല മൊഴികളിലും വൈരുധ്യമുള്ളതിനാൽ കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

അതേസമയം, കേസിൽ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു. പണം കവർച്ച ചെയ്ത പ്രതികൾ
ഓരോരുത്തരും 10 മുതൽ 25 ലക്ഷം രൂപവരെ പങ്കിട്ടെടുത്തു. കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ വൻ തുക ചിലവഴിച്ചതായും കണ്ടെത്തി. കവർച്ചാ പണം ഉപയോ​ഗിച്ച് സ്വർണ്ണവും, കാറും വാങ്ങിയതായും തെളിവ് ലഭിച്ചിരുന്നു. ഇതുവരെ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. മൂന്നര കോടി രൂപ കവർച്ച ചെയ്യപ്പെട്ടു എന്നാണ് നിഗമനം.

ഈ പണം കണ്ടെത്തുന്നതിന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. പ്രതികളിൽ ചിലർക്ക് കൊവിഡ് ബാധിച്ചതാണ് ചോദ്യം ചെയ്യലിന് തടസമായത്. നിലവിൽ പ്രതികളുടെ വീട്ടുകാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നുണ്ട്