കുഴലിൽ കുരുങ്ങി സുരേന്ദൻ ; സെക്രട്ടറിയെയും ഡ്രൈവറേയും ഇന്ന് ചോദ്യം ചെയ്യും ; അന്വേഷണം കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കും

Jaihind Webdesk
Saturday, June 5, 2021

തൃശൂർ : കൊടകര കുഴൽപണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ സെക്രട്ടറിയേയും ഡ്രെെവറേയും അൽപ്പ സമയത്തിനകം ചോദ്യം ചെയ്യും. സെക്രട്ടറി ഡിപിനേയും ഡ്രെെവര്‍ ലെബീഷിനേയുമാണ് ചോദ്യം ചെയ്യുക.
തൃശൂർ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. അതിനിടെ കെ.സുരേന്ദ്രൻ മത്സരിച്ച കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചു.

ഇന്ന് രാവിലെ 10 ന് തൃശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകണം എന്ന് നിർദേശിച്ച് കെ.സുരേന്ദ്രന്‍റെ സെക്രട്ടറി ദിപിന് അന്വേഷണ സംഘം നോട്ടീസ് നൽകി. തിരഞ്ഞെടുപ്പ് കാലത്തെ സുരേന്ദ്രന്‍റെ യാത്രകൾ സംബന്ധിച്ച് ഇയാളിൽ നിന്ന് വിവരങ്ങൾ തേടും. ഈ കാലയളവിലെ മറ്റ് പരിപാടികൾ, കൂടിക്കാഴ്ചകൾ തുടങ്ങിയ കാര്യങ്ങളും ആരായും. അതിനിടെ കെ.സുരേന്ദ്രൻ മത്സരിച്ച കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ച് തുടങ്ങി. ഈ മണ്ഡലങ്ങളിൽ സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖ ബി ജെ പി നേതാക്കൾ താമസിച്ച ഹോട്ടലുകളിലെ രേഖകൾ പരിശോധിച്ചു.

ഇവിടങ്ങളിലെ സിസി ടി വി ദൃശ്യങ്ങളും വരും ദിവസങ്ങളിൽ പരിശോധിക്കും. അടുത്ത ദിവസങ്ങളിൽ തലസ്ഥാനത്തേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചേക്കും എന്നാണ് സൂചന. കുഴൽ പണ കേസിൽ ഉൾപ്പെട്ട ധർമ്മരാജൻ, സുനിൽ നായിക്ക് എന്നിവർക്ക് ബി ജെ പി യുടെ കേരളത്തിലെയും കർണാടകയിലെയും പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. പണം വന്നത് കർണാടകയിലെ ബി ജെ പി കേന്ദ്രത്തിൽ നിന്നാണെന്നും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു.

പണം കവർച്ച ചെയ്യപ്പെട്ട ദിവസങ്ങളോട് അടുപ്പിച്ച് ധർമരാജനുമായി ഇരുപത് തവണയും മുപ്പത് തവണയും ഒക്കെ സംസാരിച്ച നേതാക്കളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന്‍റെ കൈവശമുണ്ട്. കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും ശേഖരിച്ച ശേഷം കെ.സുരേന്ദ്രന് നോട്ടീസ് നൽകാനാണ് പ്രത്യേക അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. അതിന് മുൻപ് ബിജെപി സംസ്ഥാന നേതൃത്വത്തിലെ ചിലരെ കൂടി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.