ബ്ലാക്ക് ഫംഗസ് : ഭീതിജനകമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നു ; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ബ്ലാക് ഫംഗസ് സംബന്ധിച്ച് നിരവധി അശാസ്ത്രീയമായതും ഭീതിജനകവുമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മ്യൂകര്‍മൈകോസിസ് വളരെ അപൂര്‍വമായ രോഗാവസ്ഥയാണ്. വളരെ ചുരുക്കം ആളുകളില്‍ മാത്രമാണ് ഈ രോഗം ബാധിക്കാറുള്ളത്. മരുന്ന് ലഭ്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബ്ലാക് ഫംഗസ് സംബന്ധിച്ച് മെഡിക്കല്‍ ഓഡിറ്റ് നടത്തും. മരുന്ന് ലഭ്യത ഉറപ്പു വരുത്തും. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ വില കൂടിയതാണെങ്കില്‍ പോലും കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ബ്ലാക്ക് ഫംഗസ് എന്ന പേരില്‍ അറിയപ്പെടുന്ന മ്യൂകര്‍മൈകോസിസ് രോഗവുമായി ബന്ധപ്പെട്ട നിരവധി അശാസ്ത്രീയവും ഭീതിജനകവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. അത്തരത്തിലുള്ള ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മ്യൂകര്‍മൈകോസിസ് വളരെ അപൂര്‍വമായ രോഗാവസ്ഥയാണ്. വളരെ ചുരുക്കം ആളുകളില്‍ മാത്രമാണ് ഈ രോഗം ബാധിക്കാറുള്ളത്.  നിലവില്‍ കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രോഗികളുടെ എണ്ണം കൂടുതലായതിനാല്‍ ഒരുപക്ഷേ മ്യൂകര്‍മൈകോസിസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തേക്കാം. ഗുരുതരമായ പ്രമേഹ രോഗമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണുന്നത് എന്നതിനാല്‍ അവരെ കൊവിഡ് ബാധിച്ചാല്‍ നല്‍കേണ്ട ചികിത്സാ മാനദണ്ഡങ്ങള്‍ കൃത്യമായി ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രമേഹ രോഗം നിയന്ത്രണ വിധേയമായി നിലനിര്‍ത്താനുള്ള പ്രത്യേക ശ്രദ്ധ രോഗികളുടെ ഭാഗത്തു നിന്നുമുണ്ടാവുകയും വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Comments (0)
Add Comment