വാടുന്ന താമര ; ബി.ജെ.പിക്ക് ആശങ്കയുടെ വിളവെടുപ്പ് കാലം

Jaihind News Bureau
Tuesday, December 24, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സഖ്യകക്ഷികളും കൂടി വൻ വിജയം നേടിയെങ്കിലും ഇന്നത്തെ ബി.ജെ.പിയുടെ അവസ്ഥ തികച്ചും പരിതാപകരമാണ്. രാജ്യത്തെ 71 ശതമാനത്തോളം പ്രദേശങ്ങള്‍ ബി.ജെ.പി
ഭരണത്തിലായിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസത്തെ ജാർഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം കൂടി വന്നതോടെ അതിൽ പ്രകടമായ മാറ്റം ഉണ്ടായിരിക്കുകയാണ്.

രാജ്യത്തിന്‍റെ ആകെ വിസ്തൃതിയുടെ 35 ശതമാനം സ്ഥലവും 43 ശതമാനം ജനങ്ങളുമായി ബി.ജെ.പി ഭരണം കുറഞ്ഞു. 2018 മുതൽ രാജ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വൻ തിരിച്ചടി നേരിടുകയാണ്.
വരാൻ പോകുന്ന ഡൽഹി, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ഒട്ടും ആത്മവിശ്വാസം പകരുന്നതല്ല ഇക്കാര്യം. ഇന്ത്യൻ ജനത വ്യക്തമായ നിലപാട് സ്വീകരിക്കും എന്ന് തീർച്ച. 2017 ൽ ഹിന്ദി ഹൃദയ ഭൂമിയിലെ സംസ്ഥാനങ്ങൾ മുഴുവൻ ബി.ജെ.പിയുടെ ഭരണത്തിലായിരുന്നു. ജമ്മു-കശ്മീരില്‍ ഭരണ പങ്കാളിത്തവും സിക്കിമിലും നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആന്ധ്രാപ്രദേശിലും ഉൾപ്പെടെ ഭരണമോ ഭരണപങ്കാളിത്തമോ ഉണ്ടായിരുന്നു. പ്രധാന സംസ്ഥാനങ്ങളായ ഗുജറാത്തും മഹാരാഷ്ട്രയും സ്വന്തം ഭരണത്തിലും. അവിടെനിന്ന് ഇപ്പോൾ എത്തിനില്‍ക്കുന്നത് തികച്ചും പതിതാപകരമായ നിലയിൽ.

Modi Shah

ഉത്തർപ്രദേശും ഗുജറാത്തും കർണാടകവും കഴിഞ്ഞാൽ വലിപ്പമുള്ള സംസ്ഥാനങ്ങളൊക്കെയും ബി.ജെ.പിയെ കൈവിട്ടു കഴിഞ്ഞു. ഓരോന്നായി ബി.ജെ.പിയെ കൈവിടുകയാണ് എന്ന കാര്യത്തിൽ വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്. 2018 ൽ രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും കൈവിട്ടപ്പോൾ തുടങ്ങിയതാണ് ബി.ജെ.പിയുടെ താഴേക്കുള്ള യാത്ര. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനായത് എതിർകക്ഷിയെ ഒപ്പം കൂട്ടി. മഹാരാഷ്ട്രയിൽ ഏറ്റത് കടുത്ത പ്രഹരം. ശിവസേന സഖ്യം വിട്ടതോടെ കൈയിലുണ്ടായിരുന്ന ഭരണം നഷ്ടമായി. ആള്‍ബലമില്ലെങ്കിലും സത്യപ്രതിജ്ഞാ പ്രഹസനം നടത്തിയ ബി.ജെ.പി സർക്കാരുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു.

ഇപ്പോൾ ജാർഖണ്ഡിൽ കൂറുമാറ്റിക്കൽ നയം ചിന്തിക്കാൻ പോലും പറ്റാത്ത വിധമായി തോൽവി. ഹരിയാനയിലും ജാർഖണ്ഡിലും ബി.ജെ.പിയുടെ വോട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലേതിൽ നിന്ന് ഗണ്യമായി താണു. ലോക്‌സഭയിൽ ഹരിയാനയിലെ 58 ശതമാനം പിന്തുണ നിയമസഭയിലായപ്പോൾ 36 ശതമാനമായി കുറഞ്ഞു. ജാർഖണ്ഡിലെ 55 ശതമാനം വോട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ 33.6 ശതമാനമായി ഇടിഞ്ഞു.

ഇതിലെല്ലാമുള്ളത് ബി.ജെ.പിയുടെ ദേശീയതയിലും ഹിന്ദുത്വത്തിലും ഊന്നിയ വിജയതന്ത്രത്തിന് പരിമിതികൾ ഉണ്ടെന്ന മുന്നറിയിപ്പാണ്. 12 മാസത്തിനുള്ളിൽ അഞ്ച് സംസ്ഥാനങ്ങൾ കൈവിട്ടുപോയത് ബി.ജെ.പിയുടെ ജനദ്രോഹ ഭരണത്തെക്കുറിച്ചുള്ള പൊതുജന തിരിച്ചറിവ് തന്നെയാണ്. ഈ ട്രെന്‍ഡ് തുടർന്നാൽ ബി.ജെ.പിയുടെ ഉറക്കം തന്നെ നഷ്ടമാകും എന്ന കാര്യത്തിൽ തർക്കമില്ല.