ബിജെപിയുടേത് രാഷ്ട്രീയ പകപോക്കല്‍; തനിക്കെതിരെ കള്ളക്കേസെന്ന് കെജ്‌രിവാൾ

 

ന്യൂഡല്‍ഹി: മദ്യ നയ അഴിമതിക്കേസിൽ ഇഡി ചോദ്യം ചെയ്യലിന് വിളിച്ചത് രാഷ്ട്രീയ നീക്കമെന്ന് ആവർത്തിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ എതിരാളികളെ തകർക്കുകയാണെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് പറഞ്ഞ ഡൽഹി മുഖ്യമന്ത്രി ബിജെപിഅഴിമതിക്കാരുടെ പാർട്ടിയാണെന്ന് കൂട്ടിച്ചേർത്തു. സത്യസന്ധതയാണ് തന്‍റെ ശക്തിയെന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് മുമ്പ് നടത്തുന്ന രാഷ്ട്രീയ നീക്കമാണ് ചോദ്യം ചെയ്യൽ എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ താൻ പ്രചാരണം നടത്തരുതെന്ന് ബിജെപി ആഗ്രഹിക്കുന്നു. തന്‍റെ ശ്വാസം രാജ്യത്തിന് വേണ്ടിയെന്നും അരവിന്ദ് കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

അതിനിടെ ഡൽഹി സർക്കാരുമായി ബന്ധപ്പെട്ട അഴിമതികളിൽ സിബിഐഅന്വേഷണത്തിന് ലഫ്റ്റനന്‍റ് ഗവർണ്ണർ വി.കെ. സക്സേന അനുമതി നൽകി. വ്യാജ മെഡിക്കൽ പരിശോധന, വനം വകുപ്പ് അഴിമതി എന്നീ കേസുകളിലാണ് ലഫ്റ്റനന്‍റ് ഗവർണർ അന്വേഷണത്തിന് അനുമതി നൽകിയത്. ഡൽഹി മദ്യനയ അഴിമതിയിൽ ഇഡിക്ക് മുമ്പാകെ ഹാജരാകാത്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി രംഗത്തുവന്നു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്നും കേസിൽ കുടുക്കുമെന്നുമൊക്കെ പറഞ്ഞ് ആം ആദ്മി പാർട്ടി ഇരവാദം മുഴക്കുകയാണെന്നും ബിജെപി പരിഹസിച്ചു.

Comments (0)
Add Comment