അഞ്ച് വര്‍ഷം എന്തുചെയ്തു? ഭാരത് മാതാ കീ ജയ് വിളിച്ച് തടിയൂരി ബി.ജെ.പി സ്ഥാനാര്‍ത്ഥി | വീഡിയോ

Jaihind Webdesk
Saturday, May 4, 2019

കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തിലെ ജനങ്ങള്‍ക്കായി എന്തുചെയ്തെന്ന വോട്ടറുടെ ചോദ്യത്തിന് ഭാരത് മാതാ കീ ജയ് വിളിച്ച് തടിയൂരി ബി.ജെ.പി സ്ഥാനാര്‍ത്ഥി. പശ്ചിമ ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി  പര്‍വേഷ് സാഹിബ് സിംഗ് വെര്‍മയാണ് ജനമധ്യത്തില്‍ ഉത്തരമില്ലാതെ പരിഹാസ്യനായത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു പര്‍വേഷിനെ ഉത്തരംമുട്ടിച്ച ചോദ്യമുണ്ടായത്.

തന്‍റെ ചുറ്റും നില്‍ക്കുന്നവരുമായി സംസാരിക്കുന്നതിനിടെയായിരുന്നു കൂട്ടത്തിലെ ഒരു യുവാവ് പര്‍വേഷിനോട് ചോദ്യം ഉന്നയിച്ചത്.

‘താങ്കളെ വോട്ട് നല്‍കി ഞങ്ങള്‍ വിജയിപ്പിച്ചു. പക്ഷെ ഈ അഞ്ച് വര്‍ഷം കൊണ്ട് ഞങ്ങള്‍ക്കുവേണ്ടി എന്താണ് താങ്കള്‍ ചെയ്തത്?

ഈ ചോദ്യം കേട്ടതോടെ പര്‍വേഷിന്‍റെ പിടിവിട്ടു. വിഷയം മാറ്റാനായി പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞെങ്കിലും യുവാവ് വിട്ടില്ല. ചോദ്യം ചോദിച്ചയാളുടെ  വിദ്യാഭ്യാസ യോഗ്യത എന്തെന്നൊക്കെ പര്‍വേഷ് ചോദിക്കുന്നത് കേള്‍ക്കാം. ചോദ്യത്തിന് മറുപടി ലഭിച്ചില്ലെന്ന് വോട്ടര്‍ ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം വേദിയില്‍ കൂടിനിന്ന ആളുകളോട് ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഉത്തരംമുട്ടി തപ്പി തടഞ്ഞതിന് പിന്നാലെ ‘എങ്കില്‍ ഇനി നിങ്ങള്‍ ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചോളൂ’ എന്ന് പര്‍വേഷ് പറയുന്നതും കേള്‍ക്കാം.

നിരവധി നേതാക്കള്‍ ഈ വീഡിയോ ഷെയര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. എന്ത് ചെയ്തെന്ന വോട്ടറുടെ ചോദ്യത്തിന് ഭാരത് മാതാ കീ ജയ് എന്നാണ് ബി.ജെ.പി നേതാക്കള്‍ മറുപടി പറയുന്നത്. ജനങ്ങളുടെ ചോദ്യത്തിന് മറുപടിയില്ലാത്തത് അവര്‍ ഒന്നും ചെയ്തിട്ടില്ലാത്തതുകൊണ്ടാണെന്നും വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് അവര്‍ പറയുന്നു. കുഴപ്പത്തിലാകുമ്പോള്‍ രക്ഷപ്പെടാന്‍ ബി.ജെ.പിയുടെ പുതിയ മന്ത്രമാണ് ഭാരത് മാതാ കീ ജയ് എന്നും പരിഹാസമുയരുന്നുണ്ട്.[yop_poll id=2]