BJP| ബി.ജെ.പി.യുടെ ‘ബിസ്‌ക്കറ്റ് നാടകം’;’സേവാ പഖ് വാഡ’ ക്യാമ്പയിന്‍ വിവാദത്തില്‍: രോഗികള്‍ക്ക് നല്‍കിയ ബിസ്‌ക്കറ്റ് തിരികെ വാങ്ങി ബിജെപി പ്രവര്‍ത്തകര്‍;

Jaihind News Bureau
Sunday, October 5, 2025

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജസ്ഥാനില്‍ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതോടെ രാജസ്ഥാന്‍ ബി.ജെ.പി. നേതൃത്വം കടുത്ത വിമര്‍ശനം നേരിടുകയാണ്.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘സേവ പഖ് വാഡ’ കാമ്പയിനിന്റെ ഭാഗമായി ജയ്പൂരിലെ ആര്‍.യു.എച്ച്.എസ്. ആശുപത്രിയില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിയ ബിസ്‌ക്കറ്റ് വിതരണമാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്.

‘ഇന്ത്യന്‍ ഓണ്‍ ഫീഡ്’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഉള്ളത്. താമര ചിഹ്നമുള്ള ഷാളുകള്‍ ധരിച്ച ബി.ജെ.പി. പ്രവര്‍ത്തകര്‍, അഞ്ച് രൂപ വില വരുന്ന ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ രോഗികള്‍ക്ക് നല്‍കി ഫോട്ടോയും വീഡിയോയും എടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, ചിത്രീകരണത്തിന് ശേഷം, നല്‍കിയ ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ ഇവര്‍ രോഗികളില്‍ നിന്ന് തിരികെ വാങ്ങുന്നതാണ് വീഡിയോയിലുള്ളത്.

വീഡിയോ വൈറലായതോടെ ബി.ജെ.പി.യുടെ പ്രഹസനം എന്ന നിലയില്‍ സംഭവം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്നാല്‍, പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട് രാജസ്ഥാന്‍ ബി.ജെ.പി. ഘടകം രംഗത്തെത്തിയിട്ടുണ്ട്.