അസം: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ നാടകീയ രംഗങ്ങള്‍. ന്യായ് യാത്ര അസമില്‍ പര്യടനം തുടരുന്നതിനിടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തി. എന്നാല്‍ രാഹുലിന്‍റെ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടിയത് പ്രതിഷേധക്കാരായിരുന്നു. ബിജെപി കൊടികളുമായി മുദ്രാവാക്യം വിളിച്ച് ആക്രോശിച്ച പ്രവർത്തകർക്കിടയിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങിച്ചെല്ലുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ മാസ് എന്‍ട്രിയോടെ പ്രതിഷേധക്കാർ ഉള്‍പ്പെടെ ഒരു നിമിഷം അന്ധാളിച്ചു. ആക്രോശിച്ച് മുദ്രാവാക്യം വിളിച്ചവരും രാഹുലിന്‍റെ നീക്കത്തില്‍ നിശബ്ദരായി. സുരക്ഷാസേനയും പോലീസും ഇടപെട്ടാണ് സ്ഥിതിഗതി ശാന്തമാക്കിയത്. കാവിക്കൊടികളുമായി ജയ് ശ്രീറാം വിളികളോടെയാണ് ബിജെപി സംഘം ബസിന് അടുത്തേക്ക് എത്തിയത്. പിന്നീട് ബസിലേക്ക് തിരികെ കയറിയ രാഹുല്‍ ആരാധകർക്കും പ്രതിഷേധക്കാർക്കും ഫ്ലൈയിംഗ് കിസ് നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം.
അസമിലേക്ക് ന്യായ് യാത്ര പ്രവേശിച്ച ദിവസം മുതൽ പ്രകോപനപരമായിട്ടാണ് ബിജെപി നീങ്ങുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അഴിമതികള്‍ രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയതിന് പിന്നാലെയാണ് യാത്രയ്ക്കെതിരെ പ്രതികാര നടപടികള്‍ ആരംഭിച്ചത്. അസമില്‍ രണ്ടു തവണ ന്യായ് യാത്രയ്ക്ക് നേരെ ആക്രമണമുണ്ടായി. വാഹനവ്യൂഹത്തെ തടസപ്പെടുത്തുകയും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയുംചില്ലുകള്‍ തല്ലിത്തകർക്കുകയും ചെയ്തിരുന്നു. അതേസമയം ബിജെപി യാത്രയെ ഭയക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഭയത്തില്‍ നിന്നാണ് യാത്രയ്ക്ക് നേരെയുള്ള ആക്രമണങ്ങളെന്നും എന്തുതന്നെ സംഭവിച്ചാലും യാത്ര ലക്ഷ്യം പൂർത്തീകരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.