ശബരിമല കർമസമിതി പന്തളത്ത് നടത്തിയ പ്രകടനത്തിന് നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താൻ (55) മരിച്ചത് ഹൃദയസ്തംഭനത്തെത്തുടർന്നാണെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞത്. ഇന്നലെ മരിച്ച ശബരിമല കര്‍മസമിതി പ്രവർത്തകന് തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇതാകാം മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
നേരത്തേ ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുള്ള പന്തളം സ്വദേശി ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് മുഖ്യമന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരും മുമ്പ് ഉണ്ണിത്താന്‍റെ മരണകാരണം മുഖ്യമന്ത്രി സ്ഥിരീകരിച്ചതാണ് ഇപ്പോൾ വിവാദമായിട്ടുള്ളത്. മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ വിവരം നൽകിയതാരാണെന്ന ചോദ്യവും ഉയരുന്നുണ്ട്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ശബരിമല കർമസമിതി പന്തളത്ത് നടത്തിയ പ്രകടനത്തിനുനേരെ കല്ലേറുണ്ടായത്.
ചന്ദ്രനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നവഴി ശാരീരികസ്ഥിതി മോശമായതിനെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. സി.പി.എം ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽനിന്നാണ് കല്ലേറുണ്ടായതെന്നാണ് പൊലീസിന്‍റെ സ്ഥിരീകരണം. കെട്ടിടത്തിന് മുകളിൽനിന്ന് അക്രമികൾ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെത്തന്നെ പുറത്തുവന്നിരുന്നു. ചന്ദ്രൻ മരിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേറുണ്ടായപ്പോൾ പൊലീസ് ഇടപെടൽ ഉണ്ടായില്ലെന്ന് മരിച്ച ചന്ദ്രൻ ഉണ്ണിത്താന്‍റെ കുടുംബം ആരോപിച്ചിരുന്നു. അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സി.പി.എമ്മും പൊലീസും ഒത്തുകളിക്കുന്നുവെന്നുമായിരുന്നു കുടുംബാംഗങ്ങളുടെ ആരോപണം.