ഇരുമ്പു കമ്പികൊണ്ട് പല്ലു പൊട്ടിച്ചു, തറയിലെ മൂത്രം നാവ് കൊണ്ട് വൃത്തിയാക്കിച്ചു; ബിജെപി വനിതാ നേതാവ് അറസ്റ്റിൽ

Jaihind Webdesk
Wednesday, August 31, 2022

റാഞ്ചി: വീട്ട് ജോലിക്കാരിയായ 29 കാരിയെ അതിക്രൂരമായി ഉപദ്രവിച്ച ജാർഖണ്ഡിലെ ബിജെപി നേതാവ് സീമ പാത്രയെ പോലീസ് അറസ്റ്റ് ചെയ്തു. ആദിവാസി സ്ത്രീയായ ജോലിക്കാരി സുനിത പരിക്കുകളോടെ ആശുപത്രിയിലാണ്. സീമ മർദ്ദിക്കുന്നുവെന്ന് ആരോപിച്ചുള്ള വീട്ടുജോലിക്കാരിയുടെ വിഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. ഇവരെ പീഡിപ്പിക്കുകയും ദിവസങ്ങളോളം പട്ടിണിക്കിടുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പല്ല് പൊട്ടിക്കുകയും ചെയ്തിരുന്നു. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മഹേശ്വർ പത്രയുടെ ഭാര്യയായ ഇവർ ബിജെപി വനിതാ വിഭാഗം ദേശീയ പ്രവർത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യാമ്പയ്‌നിന്റെ സംസ്ഥാന കൺവീനറുമാണ്.

വീട്ടുതടങ്കലിലാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. പത്തു വർഷം മുൻപാണ് ഇവർ ജോലിക്കായി സീമയുടെ അടുത്തെത്തിയത്. എന്നാൽ സീമയുടെ ഉപദ്രവങ്ങൾ മനസിലാക്കിയ അവരുടെ മകൻ ആയുഷ്മാനാണ് സുനിതയെ രക്ഷിക്കാൻ മുൻകൈയെടുത്തത്. ആയുഷ്മാൻ വീട്ടിലെ സംഭവങ്ങൾ സുഹൃത്തിനെ വിവേകിനെ അറിയിച്ചിരുന്നു. സുനിത വിവേകിനോട് അവിടെയുണ്ടായ അനുഭവങ്ങൾ തുറന്നു പറയുകയും അയാളുടെയും റാഞ്ചി പോലീസിന്റെയും സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു.