‘വോട്ടിംഗ് യന്ത്രങ്ങളിലെ തകരാർ പരിഹരിച്ചില്ലെങ്കില്‍ ബിജെപി 400-ലേറെ സീറ്റ് നേടും’; ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന സ്ഥിതിയെന്ന് സാം പിത്രോദ

 

ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങളിലെ തകരാറില്‍ ആശങ്ക രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. ഇത് അടിയന്തരമായി  പരിഹരിച്ചില്ലെങ്കിൽ അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നാനൂറിലേറെ സീറ്റുകളിൽ ജയിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവി പാറ്റ് സമ്പ്രദായം പരിഷ്കരിക്കണമെന്നും പിത്രോദ ദേശീയ വാര്‍ത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

‘‘അടുത്ത പൊതുതിരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തിന്‍റെ ഭാവിയ‌െത്തന്നെ നിർണയിക്കുന്ന ഒന്നാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ പൗരസമൂഹത്തിനു സ്വതന്ത്രമായി പ്രവർത്തിക്കാനും എല്ലാ മതവിഭാഗക്കാർക്കും തുല്യ അവകാശം നൽകുന്നതുമായ രാഷ്ട്രമാണ് നമുക്ക് വേണ്ടത്. ഭരണഘടനാ സ്ഥാപനങ്ങൾക്ക് അവയുടെ സ്വയംഭരണം വീണ്ടെടുക്കാനാവണം. ഇതല്ലാതെ ഏതെങ്കിലും പ്രത്യേക വിഭാഗം ആധിപത്യം പുലർത്തുന്ന രാജ്യമാണോ വേണ്ടത്?” – സാം പിത്രോദ ചോദിച്ചു.

വിവി പാറ്റ് സമ്പ്രദായത്തിൽ ജസ്റ്റിസ് മദൻ ബി. ലോക്കൂറിന്‍റെ അധ്യക്ഷതയിലുള്ള സമിതി നിർദേശിച്ച പ്രകാരമുള്ള പരിഷ്കരണം കൊണ്ടുവരണമെന്നും സാം പിത്രോദ പറഞ്ഞു. സമ്മതിദായകർക്ക് തങ്ങൾ നൽകിയ ആൾക്കുതന്നെയാണ് വോട്ട് കിട്ടിയതെന്ന് ഉറപ്പാക്കാൻ കഴിയണം. വോട്ടിംഗ് യന്ത്രങ്ങളിലെ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ബിജെപി നാനൂറിലേറെ സീറ്റ് നേടുമെന്നും ജനാധിപത്യം അട്ടിമറിക്കപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment