സർവകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി; യോഗം നാളത്തേക്ക് മാറ്റി

Jaihind Webdesk
Monday, December 20, 2021

ആലപ്പുഴ : ആലപ്പുഴയിലെ  രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ വിളിച്ച സർവക്ഷി യോഗം നാളത്തേക്ക് മാറ്റി. പുതിയ സമയം പിന്നീട് അറിയിക്കുമെന്ന് കളക്ടർ അറിയിച്ചു.  നേരത്തെ സർവ്വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രണ്‍ജീത്തിന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും പോസ്റ്റ്മോർട്ടം നടപടികൾ ഇന്നത്തേക്ക് മനപ്പൂർവം മാറ്റിയെന്നും ആരോപിച്ചായിരുന്നു ബിജെപിയുടെ നടപടി.

രണ്‍ജീത്തിന്‍റെ സംസ്ക്കാരച്ചടങ്ങുകൾ നടക്കുന്ന സമയമായതിനാൽ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ബിജെപി അറിയിച്ചിരുന്നത്. ഇതോടെ യോഗം വൈകിട്ട് 3 മണിയിൽ നിന്നും 5 മണിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ സർവകക്ഷിയോഗത്തിന്‍റെ സമയം മാറ്റിയെങ്കിലും ബിജെപി പങ്കെടുക്കില്ലെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു. ജില്ലാഭരണകൂടം ഒരു ചടങ്ങായി മാത്രമാണ് സർവകക്ഷി യോഗം വിളിക്കുന്നതെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ജില്ലാ ഭരണകൂടത്തിന് ആത്മാർത്ഥതയില്ലെന്നും ബിജെപി  കുറ്റപ്പെടുത്തി.

മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് വിട്ടുനല്‍കുന്നത് മനഃപൂര്‍വ്വം വൈകിപ്പിച്ചുവെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എംവി ഗോപകുമാര്‍ ആരോപിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയും ഇന്‍ക്വസ്റ്റ് നടപടികളും വൈകിയതോടെ ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം നടന്നില്ല. തിങ്കളാഴ്ചയാണ് നടത്തിയത്. ഇത് ബോധപൂര്‍വമാണെന്നും ബിജെപി ആരോപിച്ചു.