‘ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് ബി.ജെ.പി തുടച്ചുനീക്കപ്പെടും’ : ശത്രുഘന്‍‌ സിന്‍ഹ

ഹിന്ദി ഹൃദയഭൂമിയിലുള്‍പ്പെടെ ബി.ജെ.പി തുടച്ചുനീക്കപ്പെടുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശത്രുഘന്‍ സിന്‍ഹ. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും പട്ന സാഹിബ് മണ്ഡലത്തിലെ സിറ്റിംഗ് എം.പി കൂടിയായ ശത്രുഘന്‍ സിന്‍ഹ പറയുന്നു. മോദി വിരുദ്ധ വികാരമാണ് രാജ്യത്ത് അലയടിക്കുന്നത്. എങ്ങനെയും മോദി ഭരണം അവസാനിപ്പിക്കുക എന്നതാണ് രാജ്യത്തെ പൊതുവികാരം. ഇതും കോണ്‍ഗ്രസിന് സഹായകമാകും.

ഉത്തര്‍ പ്രദേശിലുള്‍പ്പെടെ ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് ബി.ജെ.പി തുടച്ചുനീക്കപ്പെടുമെന്ന് സിന്‍ഹ പറയുന്നു. മോദി ഭരണത്തിന്‍റെ ന്യൂനതകളെല്ലാം ഈ തെരഞ്ഞെടുപ്പില്‍ ജനം വിലയിരുത്തും. നോട്ട് നിരോധനവും തൊഴിലില്ലായ്മയും മുതല്‍ തിടുക്കപ്പെട്ട് നടപ്പിലാക്കിയ ജി.എസ്.ടി വരെ മോദിക്കെതിരായ ഘടകങ്ങളാണ്. രാഷ്ട്രീയ എതിരാളികളെ ഏതുവിധേനയും  നിശബ്ദരാക്കാന്‍ ബി.ജെ.പി സ്വീകരിക്കുന്ന നിലപാടുകളും അവര്‍ക്ക് തിരിച്ചടിയാകും.

ബി.ജെ.പിയുടെ രാഷ്ട്രീയനിലപാടുകളില്‍ പ്രതിഷേധിച്ചാണ് ശത്രുഘന്‍ സിന്‍ഹ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നത്. ബി.ജെ.പി വ്യക്തികളിലേക്ക് ചുരുങ്ങിയെന്നും സിന്‍ഹ കുറ്റപ്പെടുത്തി. ബി.ജെ.പിയില്‍ ജനാധിപത്യമല്ല, സ്വേഛാധിപത്യമാണ് നടക്കുന്നതെന്നും സിന്‍ഹ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ  100 സീറ്റുകളില്‍ താഴെയായി ഒതുങ്ങുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുബോധ് കാന്ത് സഹായിയും പറഞ്ഞു.

Shatrughan Sinha
Comments (0)
Add Comment