ഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ രണ്ട് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ രണ്ടും കോണ്‍ഗ്രസിന് അനുകൂലം. ജമ്മു കശ്മീര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രവചിക്കുന്നത്.
62 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടി ഭരണം തിരിച്ചുപിടിക്കും എന്നാണ് ഫല സൂചനകള്‍. ബിജെപിക്ക് 18 മുതല്‍ 24 സീറ്റുകളില്‍ സാധ്യത നല്‍കുമ്പോള്‍ എഎപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. ന്യൂസ് 18, പീപ്പിള്‍സ് പള്‍സ്, ദൈനിക് ഭാസ്‌കര്‍, റിപ്പബ്ലിക് ടിവി സര്‍വേകള്‍ അടക്കം എല്ലാ സര്‍വേകളും കോണ്‍ഗ്രസിന്റെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പറയുന്നത്.
ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യത്തിന് സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം. 90 അംഗ കശ്മീര്‍ നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് 30നും 50നും ഇടയില്‍ സീറ്റുകള്‍ ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നുണ്ട്.
46 മുതല്‍ 50 വരെ സീറ്റുകള്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യം നേടുമെന്നാണ് ടൈംസ് നൗ എക്‌സിറ്റ് പോള്‍ പ്രവചനം. ബിജെപിക്ക് 23 മുതല്‍ 27 സീറ്റുകള്‍. പിഡിപിക്ക് 7 മുതല്‍ 11 സീറ്റുകള്‍ വരെ ലഭിക്കുമെന്നും മറ്റുള്ളവര്‍ക്ക് 4 മുതല്‍ 6 വരെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പ്രവചനം. ബിജെപിക്ക് 28-30, കോണ്‍ഗ്രസിന് 03-06, നാഷണല്‍ കോണ്‍ഫറന്‍സിന് 28-30, പിഡിപി 05-07, മറ്റുള്ളവര്‍ 08-16 എന്നിങ്ങനെയാണ് റിപ്ലബ്ലിക് ടിവി എക്‌സിറ്റ് പോള്‍ പറയുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്.