ബിജെപിയില്‍ നിന്ന് തൃണമൂലിലേക്ക് ഒഴുകുന്നു ; 300 പ്രവർത്തകരെ ഗംഗാജലം തളിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു

Jaihind Webdesk
Saturday, June 19, 2021

കൊൽക്കത്ത : പാർട്ടിയില്‍ തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ഓഫിസിനു മുന്നിൽ നിരാഹാര സമരം . മുന്നൂറോളം ബിജെപി പ്രവർത്തകരാണ് സമരമിരുന്നത്. പാർട്ടിയില്‍ ചേരാന്‍ നിരാഹാരമിരുന്ന എല്ലാപ്രവർത്തകരേയും  ഗംഗാജലം തളിച്ച് തൃണമൂൽ നേതാക്കൾ സ്വീകരിച്ചു. സെയ്ന്തിയ നിയമസഭാ മണ്ഡലത്തിൽപെടുന്ന ബനാഗ്രാമിലാണു സംഭവം.

ബീർഭൂമിലെ തൃണമൂൽ ഓഫിസിനു മുന്നിലായിരുന്നു പ്രവർത്തകരുടെ നിരാഹാര സമരം. ബിജെപിയിൽ ചേർന്നതോടെ ഗ്രാമത്തിലെ വികസനം ഇല്ലാതായതായി സമരമിരുന്ന അശോക് മൊണ്ഡൽ പ്രതികരിച്ചു. തുടർച്ചയായി ബിജെപി നടത്തുന്ന സമരങ്ങൾ നല്ലതിനേക്കാൾ മോശം കാര്യങ്ങൾക്കാണു വഴിയൊരുക്കിയത്. പാർട്ടിയിലേക്കു തിരികെയെത്തണമെന്നാണ് ആവശ്യമെന്നും അശോക് പറഞ്ഞു. രാവിലെ എട്ടിന് തുടങ്ങിയ പ്രതിഷേധം 11 മണിയോടെ അവസാനിച്ചു.

തൃണമൂൽ നേതാവ് തുഷാർ കാന്തി മൊണ്ഡൽ പ്രവർത്തകർക്ക് പാർട്ടി പതാക കൈമാറി. ബിജെപി പ്രവർത്തകർ ദിവസങ്ങളായി തൃണമൂലിലേക്ക് തിരികെയെത്താൻ അനുവാദം ചോദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കളുമായി സംസാരിച്ച ശേഷമാണ് പ്രവർത്തകരെ തിരികെയെടുത്തത്. ബിജെപി അവരുടെ വിഷചിന്തകൾ പ്രവർത്തകരുടെ മനസ്സിൽ നിറച്ചിട്ടുണ്ടാകും. മോശം കാര്യങ്ങൾ മനസ്സിൽനിന്ന് നീക്കാനാണ് പുണ്യജലം തളിച്ചതെന്നും തുഷാർ വ്യക്തമാക്കി.