തലശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് സംഘപരിവാർ പ്രകടനം; തടഞ്ഞ് പൊലീസ്

 

കണ്ണൂർ : നിരോധനാജ്ഞ ലംഘിച്ച് തലശേരിയിൽ സംഘപരിവാർ പ്രവർത്തകരുടെ പ്രകടനം. തലശേരി മേഖലയിൽ സംഘർഷസാധ്യത ഉള്ളതിനാൽ ജില്ലാ കളക്ടർ ഈ മാസം ആറാം തീയതി വരെ തലശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് ബിജെപി ആർഎസ്എസ് പ്രവർത്തകർ പ്രകടനം നടത്തിയത്. പ്രകടനത്തിന് നേതൃത്വം കൊടുത്ത നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വാടിക്കല്‍ ജംഗ്ഷന് സമീപത്തുനിന്ന് ആരംഭിച്ച ജാഥ പൊലീസ് തടഞ്ഞു. മുന്നൂറോളം പ്രവര്‍ത്തകര്‍ ജാഥയിലുണ്ടായിരുന്നു. എസ്ഡിപിഐക്ക് എതിരെയുള്ള പ്രതിഷേധ മാര്‍ച്ച് എന്ന നിലയില്‍ തലശേരിയില്‍ ഇന്ന് ആര്‍എസ്എസ് ശക്തിപ്രകടനത്തിന് തീരുമാനിച്ചിരുന്നു. വൈകിട്ട് അഞ്ച് മണിക്ക് ബിജെപി ഓഫീസായ തലശേരി വാടിക്കൽ രാമകൃഷ്ണ മന്ദിരം പരിസരത്ത് നിന്ന് ആരംഭിക്കാനായിരുന്നു തീരുമാനം. ഡിസംബര്‍ ഒന്നിന് കെടി ജയകൃഷ്ണന്‍ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രകടനത്തില്‍ വ്യാപകമായ രീതിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിനെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചിരുന്നു.

തലശേരി മേഖലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നു മുതല്‍ 06 (തിങ്കളാഴ്ച) വരെയാണ് കളക്ടര്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചത്. സംഘർഷ സാധ്യത പരിഗണിച്ചാണ് നടപടി.

Comments (0)
Add Comment