മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, പി.സി.സി അധ്യക്ഷ കുമാരി ഷെൽജ എന്നിവർ തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തി കൂടിക്കാഴ്ച നടത്തി.
തെലങ്കാന പി.സി.സി അധ്യക്ഷൻ നളമാഡ ഉത്തം കുമാർ റെഡ്ഢിയും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. സംസ്ഥാനത്ത് സർക്കാർ സംവിധാനങ്ങളെ തെരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്യുന്നു എന്ന പരാതി ഉന്നയിച്ചു. സുതാര്യമായ തെരഞ്ഞെടുപ്പ്, കമ്മീഷൻ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പി തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണ്. ഹരിയാനയിൽ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നിട്ടും പെട്രോൾ പമ്പുകളിലും പൊതു ഇടങ്ങളിലും മോദിയുടെയും കേന്ദ്ര സർക്കാരിന്റെയും പരസ്യങ്ങൾ നീക്കം ചെയ്തിട്ടില്ല എന്നും കോൺഗ്രസ് നേതാക്കൾ ഇലക്ഷൻ കമ്മീഷനെ ബോധിപ്പിച്ചു.