ജനാധിപത്യത്തെ അട്ടിമറിക്കാന്‍ വോട്ടിംഗ് യന്ത്രത്തിലും തിരിമറി നടത്തി ബി.ജെ.പി

തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഭരണകക്ഷി നടത്തിയത് സമാനതകളില്ലാത്ത ജനാധിപത്യ ധ്വംസനം

ന്യൂ ദല്‍ഹി: തെരഞ്ഞെടുപ്പിനുശേഷം രാജസ്ഥാനിലെ വഴിവക്കില്‍ വോട്ടിങ് യന്ത്രങ്ങള്‍ കണ്ടെത്തിയതിന് പിന്നിലെ കാരണമെന്താണ്? ഭോപ്പാലിലെ പോലീസ് ക്യാന്റീനില്‍ പോസ്റ്റല്‍ വോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെ? വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറികളില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതും മണിക്കൂറുകളോളം സി.സി.ടി.വി ക്യാമറകള്‍ ഓഫാക്കിയതും എന്തിനാണ്? വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്‌റൂമിലേക്ക് രാത്രിയില്‍ വലിയ പെട്ടികളില്‍ കൊണ്ടുവന്ന് വെച്ചതെന്താണ്? സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ വോട്ടുയന്ത്രവുമായി വീട്ടില്‍ പോയതെന്തിനാണ്? താമസിക്കന്‍ അവര്‍ക്ക് പ്രത്യേകമായൊരുക്കിയ സ്ഥലം ഒഴിവാക്കി പോളിങ് ഉദ്യോഗസ്ഥര്‍ ബി.ജെ.പി നേതാവിന്റെ ഹോട്ടലിലേക്ക് താമസം മാറ്റിയത് എന്തിനാണ്? ഈ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പിന് തലേന്ന് വോട്ടുയന്ത്രങ്ങള്‍ ബി.ജെ.പി നേതാവിന്റെ ഹോട്ടലില്‍ കൊണ്ടു വന്നു വെച്ചതെന്തിനാണ്? നിരവധി പോളിങ് ബൂത്തുകളിലെ വോട്ടുപെട്ടികള്‍ രണ്ടുദിവസം കഴിഞ്ഞശേഷം സ്‌ട്രോങ് റൂമിലേക്ക് കൊണ്ടുവന്നതെന്തുകൊണ്ടാണ്. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നീളുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തിയ നാടകങ്ങളിലേക്കാണ്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന് കാവലിരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷന് അണികളോട് ആഹ്വാനം ചെയ്യേണ്ടിവന്നത്.

സര്‍വാധികാരമുള്ള ഒരു തെരഞ്ഞെടുപ്പ് കമീഷനും ആ കമീഷന് കീഴില്‍ എന്തും ചെയ്തു കൊടുക്കാന്‍ സന്നദ്ധതയുള്ള സംവിധാനങ്ങളുമുണ്ടായിട്ടും രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഏറ്റവും സുതാര്യമെന്ന് അവകാശപ്പെടുന്ന തെരഞ്ഞെടുപ്പ് പ്രക്രിയക്ക് പൗരന്മാര്‍ കാവലിരിക്കേണ്ടി വരുന്നത് എന്തുമാത്രം ആശങ്കാജനകമാണ്.
കര്‍ഷകരിലും ദളിതുകളിലും തുടങ്ങീ രാജ്യത്തിന്റെ സകല സാധാരണക്കാരിലും ആളിക്കത്തുന്നത് ഭരണവിരുദ്ധ വികാരമാണെന്നതിന് രാജ്യമൊട്ടുക്കും നടന്നുവരുന്ന കടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ തെളിവാണ്. ഈ അവസരത്തിലാണ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിലേക്കായി വഴിവിട്ട നടപടികളുമായി ബി.ജെ.പി രംഗത്തിറങ്ങിയത്. ഇതിനായി ഭരണംകൈയാളുന്ന സംസ്ഥാനങ്ങളിലെ പോലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിക്കുന്നതിനും ബി.ജെ.പി മടിച്ചിരുന്നില്ല.

മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ പോളിങ് ബൂത്തുകളില്‍ നിന്നുള്ള 34 വോട്ടുയന്ത്രങ്ങള്‍ 48 മണിക്കൂര്‍ കഴിഞ്ഞ് നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂള്‍ ബസിലും മിനി ട്രക്കിലുമായി കൊണ്ടുവന്നിറക്കിയത് വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. ഇതിന് അനുവാദം നല്‍കിയ ജില്ല കലക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനുമെതിരെ നടപടി വേണമെന്ന ആവശ്യവുമായി ജനങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങി. ബി.ജെ.പിയുടെ എം.എല്‍.എക്ക് ബന്ധമുള്ള ഹോട്ടല്‍ മുറിയില്‍നിന്ന് വോട്ടുയന്ത്രങ്ങള്‍ പിടികൂടിയതിന് സമാനമായ സംഭവം എന്ന നിലക്കാണ് കോണ്‍ഗ്രസ് നടപടി ആവശ്യപ്പെട്ടത്. വോട്ടുയന്ത്രങ്ങള്‍ ബി.ജെ.പി നേതാവിന്റെ ഹോട്ടലില്‍ വെച്ച പോളിങ് ഉദ്യോഗസ്ഥരെ രാത്രി ജനം വളഞ്ഞതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

അതേസമയം, വോട്ടെടുപ്പ് കഴിഞ്ഞ് ബൂത്ത് അടച്ച് മടങ്ങുമ്പോള്‍ ഇത്രയും വോട്ടുയന്ത്രങ്ങള്‍ കൂടെ എടുക്കാതെ രണ്ടുദിവസം കഴിഞ്ഞ് കൊണ്ടുവന്നത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയില്ല. ഇങ്ങനെ ഉത്തരവാദിത്തരഹിതമായ തരത്തില്‍ വോട്ടുയന്ത്രങ്ങള്‍ കൈകാര്യം ചെയ്തവര്‍ക്കെതിരെ നിയമ നടപടിയൊന്നും എടുത്തിട്ടില്ല. സമ്മതിദാനാവകാശം വോട്ടുയന്ത്രങ്ങളിലാക്കി സൂക്ഷിച്ച് വോട്ടെണ്ണി തുടങ്ങും മുമ്പാണ് ഇക്കുറി വോട്ടുയന്ത്രങ്ങളെക്കുറിച്ച് ആക്ഷേപങ്ങളുയര്‍ന്നു തുടങ്ങിയത്.

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടുയന്ത്രങ്ങളില്‍ അട്ടിമറി നടത്താന്‍ നടത്തിയ നീക്കങ്ങളെക്കുറിച്ച് വ്യാപകമായ പരാതിയുയര്‍ന്നിരുന്നു. ബി.ജെ.പി സര്‍ക്കാറിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരം ഉയര്‍ന്നിരുന്ന സൂറത്തില്‍ വോട്ടുയന്ത്രം മാറ്റിവെക്കാനുള്ള ശ്രമത്തിനെതിരെ ജനങ്ങള്‍ നടത്തിയ ചെറുത്തുനില്‍പിനിടയില്‍ വെടിവെപ്പ് പോലുമുണ്ടായി. അത്തരം പരാതികളില്‍ പരിഹാര നടപടിയൊന്നും തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും അട്ടിമറി ശ്രമം വ്യാപകമായിരുന്നു തുടര്‍ന്ന് ഇത്തരം ഇടപെടലുകള്‍ ഒഴിവാക്കുന്നതിനായി കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്‌ട്രോങ് റൂമിന് കാവലിരിക്കുകയായിരുന്നു. ഇത്രയൊക്കെ ശ്രമങ്ങളുണ്ടായിട്ടും ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടത് എത്രമാത്രം മോദി വിരുദ്ധവും ഭരണവിരുദ്ധ വികാരവുമാണ് ജനങ്ങള്‍ക്കുള്ളതിന്റെ തെളിവായി മാറുകയാണ്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തന്റെ കൈപ്പിടിയിലാക്കി ജനാധിപത്യത്തെ തകര്‍ക്കാനുള്ള മോദിയുടെയും ബി.ജ.പിയുടെയും ശ്രമങ്ങള്‍ വിലപ്പോയില്ല എന്നും മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ വിജയവും ബി.ജെ.പിയുടെ തകര്‍ച്ചയും സൂചിപ്പിക്കുന്നത്.

Comments (0)
Add Comment