സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയ്ക്ക് മറ്റ് കക്ഷികളുടെ സഹായം വേണ്ടിവരുമെന്ന് സൂചന നല്‍കി ജയ്റ്റ്‌ലിയും

Jaihind Webdesk
Wednesday, May 8, 2019

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയ്ക്ക് മറ്റ് കക്ഷികളുടെ സഹായം വേണ്ടിവരുമെന്ന് സൂചന നല്‍കി രാം മാധവിന് പിന്നാലെ കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും.  ബിജെപിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ മാത്രമേ സാധിക്കൂ എന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.  സീറ്റെണ്ണത്തിൽ 2014 വീണ്ടും ആവർത്തിക്കാന്‍ ബിജെപിയ്ക്ക് ആവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, മറ്റു ചില കക്ഷികളുടെ സഹായത്തോടെ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ സാധിക്കുമെന്ന  പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. ഡൽഹിയിലെ വിവിധ ക്രൈസ്തവ സഭാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ജയ്റ്റ്ലി ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. ആറാം ഘട്ട വോട്ടെടുപ്പിന്‍റെ ഭാഗമായി ഈ മാസം 12ന് ഡല്‍ഹിയിലും  ഏഴാം ഘട്ടത്തില്‍ പഞ്ചാബില്‍ 19നുമാണ് വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ക്രൈസ്തവ നേതാക്കളുമായുള്ള ജയ്റ്റ്ലിയുടെ കൂടിക്കാഴ്ച പ്രസക്തമാണ്.

ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നും ചെറിയ പ്രശ്നങ്ങൾ പോലും അപ്പപ്പോൾ പരിഹരിച്ചു മുന്നോട്ട് പോകേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു. പുതിയ സർക്കാർ രൂപീകരിച്ചശേഷം വീണ്ടും കൂടിക്കാഴ്ചയാവാം എന്ന വാഗ്ദാനം നല്‍കിയാണ് ജയ്റ്റ്ലി കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

മാർത്തോമ്മാ സഭ, മലങ്കര സഭ, സാൽവേഷൻ ആർമി, ലൂഥറൻ സഭ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ എന്നിവയുടെ ഡൽഹിയിലെ അധ്യക്ഷൻമാരാണു ജയ്റ്റ്ലിയുടെ ക്ഷണം സ്വീകരിച്ച് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ(സിബിസിഐ) സ്ഥിരം സമിതികളുടെ യോഗം ബെംഗളൂരൂവിൽ നടക്കുന്നതിനാൽ സി‌ബിസിഐയുടെയും ഡൽഹി കത്തോലിക്കാ അതിരൂപതയുടെയും നേതാക്കൾക്കു പങ്കെടുക്കാനായില്ല. ഫരീദാബാദ് കത്തോലിക്കാ രൂപത അധ്യക്ഷനും സ്ഥലത്തില്ലായിരുന്നു ഓർത്തഡോക്സ്, യാക്കോബായ ഭദ്രാസന മേധാവികളും കൂടിക്കാഴ്ചയ്ക്ക് എത്തിയില്ല.