ആ ‘നാണക്കേടിന്’ ശേഷം മോദിയോടുള്ള ചോദ്യങ്ങള്‍ക്ക് നിയന്ത്രണവുമായി ബി.ജെ.പി

ചെന്നൈ: പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടിയ പ്രധാനമന്ത്രിക്ക് ഇനി അങ്ങനൊരു ഗതികേടുണ്ടാകാതിരിക്കാന്‍ ബി.ജെ.പി തന്ത്രം. പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ വെട്ടിക്കുറച്ചാണ് പുതിയ ഉപാധി കണ്ടെത്തിയിരിക്കുന്നത്. സാധാരണക്കാര്‍ക്കുമേലുള്ള നികുതി ഭാരത്തെക്കുറിച്ച് ചോദിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ രാജ്യമാകെ തല്‍സമയം കണ്ടിരുന്നു. സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകരെപ്പോലും അഭിമുഖീകരിക്കാന്‍ കഴിയാത്ത ഏകാധിപതിയായി മറുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന വിമര്‍ശനത്തിന് ആക്കം കൂട്ടുകയാണ് പുതിയ നടപടി.
ഇനിമുതല്‍ പ്രധാനമന്ത്രിയോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ പ്രവര്‍ത്തകര്‍ 48 മണിക്കൂറുകള്‍ക്ക് മുമ്പ് വീഡിയോയായി ഷൂട്ട് ചെയ്ത് അയക്കണമെന്നതാണ്പുതിയ നിര്‍ദ്ദേശം. ‘പോണ്ടിച്ചേരിയിലെ നിര്‍മല്‍ കുമാര്‍ എന്ന പ്രവര്‍ത്തകന്‍ ചോദിച്ചതുപോലുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളാണ് ഇവ’ എന്നാണ് പാര്‍ട്ടിയിലെ ഉന്നതന്‍ ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തിയിരിക്കുന്നത്.
500 മുതല്‍ 1000 വരെയുള്ള ചോദ്യങ്ങളാണ് പാര്‍ട്ടിപ്രവര്‍ത്തകരില്‍ നിന്ന് ഒരു മേഖലയില്‍ നിന്ന് മാത്രം ഉയരുന്നത്. അവയൊക്കെയും ഗൂഗിള്‍ ഫോമില്‍ ബന്ധപ്പെടേണ്ട നമ്പറും ഉള്‍പ്പെടെ മാത്രമേ ഇനി ചോദ്യങ്ങള്‍ സ്വീകരിക്കുകയുള്ളൂ.
നമോ ആപ്പുവഴിയാണ് മോദി പാര്‍ട്ടി പ്രവര്‍ത്തകരുമായി ആശയസംവാദം നടത്തുന്നത്. ഈ ആപ്പിന്റെ ഓഫീസില്‍ നിന്നാണ് പ്രവര്‍ത്തകര്‍ക്ക് അറിയിപ്പുകള്‍ വന്നിരിക്കുന്നത്. 48 മണിക്കൂറുകള്‍ മുമ്പ് ചോദ്യങ്ങള്‍ വീഡിയോ ആയി ഷൂട്ട് ചെയ്ത് അയക്കാനും അതില്‍ നിന്ന് നല്ല ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് അധികൃതരെ അറിയിക്കും എന്നാണ് അറിയിപ്പ്.

പുതുച്ചേരിയില്‍ പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ കുഴങ്ങിയതാണ്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മോദി പുതുച്ചേരി, വെല്ലൂര്‍, കാഞ്ചീപുരം, വില്ലുപുരം, സൗത്ത് ചെന്നൈ എന്നിവിടങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിച്ചത്. പുതുച്ചേരിയില്‍ നിന്നുള്ള പാര്‍ട്ട പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി കഴിയാതെ മോദി കുഴങ്ങിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ സജീവ ചര്‍ച്ചയായും ട്രോളുകളായും തുടരുകയാണ്.

നിര്‍മ്മല്‍ കുമാര്‍ ജയിന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ പകുതി ഹിന്ദിയിലാണ് സംസാരിച്ചത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രീ, താങ്കളോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഈ രാജ്യത്തെ മാറ്റുന്നതില്‍ താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം മധ്യവര്‍ഗക്കാര്‍ക്കുള്ള പരാതി, താങ്കളുടെ സര്‍ക്കാര്‍ നികുതി പിരിക്കുന്നതില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്നാണ്. ആദായനികുതിയുടെ കാര്യത്തില്‍, ലോണ്‍ നടപടികളുടെ കാര്യത്തില്‍, ബാങ്ക് ഇടപാടുകള്‍ക്കുള്ള ഫീസിന്റേയും പിഴയുടേയും കാര്യത്തില്‍ എല്ലാം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇത് എന്തുകൊണ്ടാണ്. മധ്യവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. പാര്‍്ട്ടിയ്ക്ക് അടിത്തറ നല്‍കുന്നത് തന്നെ അവരാണ്. നികുതി പിരിക്കുന്നതിലുള്ള ശ്രദ്ധ ഇക്കാര്യത്തിലും വേണം.

എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കാതെ പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെ – ‘നന്ദി, നിര്‍മല്‍ജി, താങ്കളൊരു വ്യാപാരിയാണ്. നിങ്ങള്‍ ബിസിനസ് പറയുന്നത് സാധാരണയാണ്. ഞാന്‍ സാധാരണക്കാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. അത് തുടരും. ഞാന്‍ ഉറപ്പ് നല്‍കുന്നു. ചലിയേ പുതുച്ചേരി കോ വണക്കം” – അടുത്തയാളിലേയ്ക്ക് പോയി.

Comments (0)
Add Comment