കാസര്‍ഗോഡ് : ബിജെപിയില്‍ നിന്ന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സുന്ദരയ്ക്ക് സുരക്ഷ നല്കാൻ പൊലീസ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന് ബിജെപി കോഴ നല്‍കിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് തനിക്ക് ഭീഷണിയുള്ളതായി സുന്ദര അറിയിച്ചത്. സുന്ദരയുടെ സുരക്ഷയ്ക്കായി മൂന്ന് പൊലീസുകാരെ നിയമിച്ചേക്കുമെന്നാണ് സൂചന.
മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് സമര്‍പ്പിച്ച പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടര ലക്ഷം രൂപ ബി.ജെ.പി നേതാക്കന്മാര് നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. സുരേന്ദ്രന് ഇക്കാര്യത്തില്‍ ഇടപെടുകയും ഫോണില്‍ ആവശ്യം ഉന്നയിച്ചതായും സുന്ദര പറഞ്ഞിരുന്നു. കൂടാതെ ഇടപാടുകള്‍ സംബന്ധിച്ച കാര്യം നിശ്ചയിച്ചുവെന്നും സുന്ദര പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രാദേശിക ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തി പണം കൈമാറിയെന്നും സുന്ദര വ്യക്തമാക്കിയിരുന്നു. സുരേഷ് നായിക്, അശോക് ഷെട്ടി, സുനിൽ നായിക് എന്നിവർ വീട്ടിൽ എത്തിയെന്നും പണം നൽകിയത് സുനിൽ നായിക് ആണെന്നും സുന്ദര മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. അതേസമയം കോഴ നല്‍കിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.