സമാധാനം കൊണ്ട് വരണം; രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷ

ഇംഫാല്‍: സംഘര്‍ഷ സാഹചര്യത്തിലും രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിച്ചതിനെ അഭിനന്ദിച്ച് മണിപ്പൂരിലെ ബിജെപി ഘടകം. സംസ്ഥാന അധ്യക്ഷ ശാരദാ ദേവിയാണ് സംഘര്‍ഷ സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശിക്കുകയും മണിപ്പൂരില്‍ സമാധാനം കൊണ്ടു വരണമെന്ന് പറയുകയും ചെയ്തതിന് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ചത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇത് പറഞ്ഞത്.

നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ സംസ്ഥാന സന്ദര്‍ശനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നിരുന്നാലും, സാഹചര്യം പരിഹരിക്കുന്നതിലും സമാധാനം തിരികെ കൊണ്ടുവരുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. വിഷയം രാഷ്ട്രീയവത്കരിക്കരുത്, എന്നാണ് ശാരദാ ദേവി പറഞ്ഞത്.

കഴിഞ്ഞ ദിവസം രണ്ട് ദിവസത്തെ മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലും ബിഷ്ണുപുരിലും മൊയ്റാങിലും സന്ദര്‍ശനം നടത്തിയിരുന്നു. ഗവര്‍ണര്‍ അനസൂയ യു.കെയെയും ദുരിതാശ്വാസ ക്യാമ്പുകള്‍, കുട്ടികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ആളുകളുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു.
മഴയും മറ്റ് വെല്ലുവിളികള്‍ ഉണ്ടായിരുന്നെങ്കിലും വലിയ ജനക്കൂട്ടമാണ് രാഹുലിനെ കാണാനും തങ്ങളുടെ വിഷമങ്ങള്‍ പങ്കുവെയ്ക്കുവാനുമായി എത്തിച്ചേര്‍ന്നത്.

അതേസമയം സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് നിരോധനം ഈ മാസം അഞ്ച് വരെ നീട്ടി. സ്‌കൂളുകളും അടച്ചിട്ടു. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ രാജിനാടകത്തിലും കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

Comments (0)
Add Comment