കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം ; ബി.ജെ.പി നേതൃത്വത്തിനെതിരെ ഒ.രാജഗോപാല്‍

Jaihind News Bureau
Thursday, March 18, 2021

 

തിരുവനന്തപുരം: ബി.ജെ.പി നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി  ഒ.രാജഗോപാല്‍. ബി.ജെ.പിയുടെ പ്രവര്‍ത്തനരീതി മാറണമെന്നും ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയിലേക്ക് പ്രവര്‍ത്തനം മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാനാകണം.

‘വെറുതെ കുറ്റം പറഞ്ഞിട്ടും ആരോപണം ഉന്നയിച്ചിട്ടും കാര്യമില്ല. ജനങ്ങളുടെ ആവശ്യം നിറവേറ്റാനാകണം’. രാജഗോപാല്‍ പറഞ്ഞു. നേരത്തേയും ബി.ജെ.പിയെ വെട്ടിലാക്കി രാജഗോപാല്‍ രംഗത്തെത്തിയിരുന്നു. നേമത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പിന്‍ഗാമിയാണെന്ന് പറയുന്നില്ലെന്ന് രാജഗോപാല്‍ പറഞ്ഞിരുന്നു.

നേമം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. മുരളീധരന്‍ ശക്തനായ പ്രതിയോഗിയാണ്. സാക്ഷാല്‍ കരുണാകരന്റെ മകനാണ് അദ്ദേഹം, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് മുരളീധരനെന്നും രാജഗോപാല്‍ പറഞ്ഞു. നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ ഒപ്പമിരുത്തിയായിരുന്നു രാജഗോപാലിന്റെ പ്രതികരണം.