മഹാരാഷ്ട്രയില്‍ വരള്‍ച്ചയില്‍ പൊറുതിമുട്ടിയ ജനതയെ കൊള്ളയടിക്കുന്ന നടപടിയുമായി ഭരണകക്ഷിയായ ബി.ജെ.പിയും ശിവസേനയും. കൊടുംവരള്‍ച്ചയില്‍ ഭക്ഷണമില്ലാതെ കന്നുകാലികള്‍ ചത്തൊടുങ്ങിയപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടിയ കർഷകരെ സഹായിക്കാനായാണ് വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ കന്നുകാലി ക്യാമ്പുകള്‍ ആരംഭിച്ചത്. എന്നാല്‍ ഇത്തരം ക്യാമ്പുകളിലേക്ക് അനുവദിച്ച ഫണ്ടില്‍ തിരിമറി കാട്ടി ബി.ജെ.പി-ശിവസേന പ്രവർത്തകർ ഓരോ ദിവസവും കൊള്ളയടിച്ചത് ലക്ഷങ്ങളാണെന്ന് ‘ഹഫ്പോസ്റ്റ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയില്‍ വരള്‍ച്ച ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശമാണ് ബീഡ്. തങ്ങളുടെ ജീവിതോപാധിയായ കന്നുകാലികള്‍ കണ്മുന്നില് ചത്തൊടുങ്ങുന്നതിന് കർഷകര്‍ സാക്ഷിയാകുമ്പോള്‍ സഹായത്തിന് അനുവദിച്ച പണം കൈക്കലാക്കുന്ന തിരക്കിലായിരുന്നു ഭരണകക്ഷിയായ ബി.ജെ.പിയുടേയും ശിവസേനയുടേയും പ്രവര്‍ത്തകര്‍. ഇതിനെ എതിര്‍ത്ത വനിതാ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയായിരുന്നു.
വരള്‍ച്ച ഏറ്റവും കഠിനമായി ബാധിച്ച മാര്‍ച്ചില്‍ കന്നുകാലികളെ സംരക്ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ 1,400 ക്യാമ്പുകളാണ്സംസ്ഥാനത്ത് ആരംഭിച്ചത്. ബീഡ് ജില്ലയില്‍ ഇത്തരത്തില്‍ 933 ക്യാമ്പുകള്‍ക്കാണ്അനുമതി ലഭിച്ചത്. 545 ക്യാമ്പുകളാണ് ഇപ്പോള്‍ ബീഡില്‍ പ്രവർത്തിക്കുന്നത്. ദിവസവും 3,49,106 കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഭക്ഷണം വിതരണം ചെയ്യാനുള്ള ചുമതലയുള്ള എന്‍.ജി.ഒകള്‍ക്ക് ദിവസവും കൃത്യമായ തുകയും നിശ്ചയിച്ചിരുന്നു. ക്യാമ്പിലെ വലിയ മൃഗങ്ങള്‍ക്ക് ദിവസവും 15 കിലോ കാലിത്തീറ്റ നല്‍കുന്നതിന് 90 രൂപയും ചെറിയ മൃഗങ്ങള്‍ക്ക് 7.5 കിലോ കാലിത്തീറ്റ നല്‍കുന്നതിന് 45 രൂപയുമായിരുന്നു പ്രതിദിനം അനുവദിച്ചിരുന്നത്.
എന്നാല്‍ ബീഡ് ജില്ലയിലെ ഇത്തരത്തിലുള്ള നിരവധി ക്യാമ്പുകളുടെ നിയന്ത്രണം ബി.ജെ.പി-ശിവസേന നേതാക്കള്‍ ഏറ്റെടുത്തു. ബീഡിലെ ബി.ജെ.പി നേതാവ് രാജേന്ദ്ര മസ്കെയും ശിവസേന ജില്ലാ പ്രസിഡന്റ് കുന്ദലിക് ഖാണ്ഡേയും ക്യാമ്പുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും കണക്കില്‍ കന്നുകാലികളുടെ എണ്ണം കൂടുതല്‍ കാണിച്ച് പണം തരപ്പെടുത്തുകയുമായിരുന്നു. ഇത്തരത്തില്‍ കള്ളക്കണക്ക് കാണിച്ച് ദിവസവും ഏകദേശം 7.2 ലക്ഷം മുതല്‍ 14.4 ലക്ഷം രൂപ വരെ ബി.ജെ.പി, ശിവസേന നേതാക്കള്‍ കൈക്കലാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
സംഭവത്തില്‍ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ബീഡ് ജില്ലാ കളക്ടര്‍ ആസ്റ്റിക് കുമാര്‍ പാണ്ഡെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബീഡ് മേഖലയിലെ ക്യാമ്പുകളിലുണ്ടായിരുന്ന കന്നുകാലികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തിരുന്നതിലും 16,000 വരെ കുറവാണെന്ന് കണ്ടെത്തി. അതായത് ഓരോദിവസവും ബി.ജെ.പി നേതാക്കള്‍ കൈക്കലാക്കിയിരുന്നത് 7.2 ലക്ഷത്തിനും 14.4 ലക്ഷത്തിനും ഇടയില്‍വരുന്ന തുക.
കൊടുംവരള്‍ച്ചയില്‍ ജീവിതത്തോട് മല്ലടിക്കുന്ന കര്‍ഷകരെ പോലും ചൂഷണം ചെയ്യുന്ന ബി.ജെ.പിയുടെ ലജ്ജാകരമായ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.