ഫേസ്ബുക്കും വാട്‌സ്ആപ്പും ഇന്ത്യയില്‍ ബിജെപി-ആര്‍എസ്എസ് നിയന്ത്രണത്തില്‍; വോട്ടർമാരെ സ്വാധീനിക്കാനും ശ്രമം: രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: ഫേസ്ബുക്കും വാട്‌സ്ആപ്പും ഇന്ത്യയില്‍ ബിജെപി, ആര്‍എസ്എസ് നിയന്ത്രണത്തിലെന്ന് രാഹുല്‍ ഗാന്ധി. ഫേസ്ബുക്കും വാട്‌സ്ആപ്പും വഴി വിദ്വേഷവും വ്യാജവാര്‍ത്തയും പ്രചരിപ്പിക്കുകയാണ്. വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമമെന്നും  അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ബിജെപി നേതാക്കളുടെ വിദ്വേഷംപരത്തുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് ഇന്ത്യ കണ്ടില്ലെന്നു നടിച്ചതായി അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാർത്ത പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ഫേസ്ബുക്കിന്‍റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്‍ അങ്കി ദാസാണ് ബിജെപി നേതാക്കളുടെ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ക്കെതിരെ നടപടി വേണ്ടെന്നു പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഫേസ്ബുക്കിന്‍റെ നിയമങ്ങള്‍ പാലിക്കപ്പെടുകയായിരുന്നെങ്കില്‍ കുറഞ്ഞത് നാല് ബിജെപി നേതാക്കള്‍ക്കും ഗ്രൂപ്പുകള്‍ക്കും എതിരെ നടപടി എടുക്കേണ്ട അവസരമുണ്ടായിരുന്നു. എന്നാല്‍ കമ്പനിയുടെ ഇന്ത്യയിലെ ഒരു മേധാവി അതു വേണ്ടെന്നു പറഞ്ഞ് എതിര്‍ക്കുകയായിരുന്നു എന്നും റിപ്പോർട്ടില്‍ പറയുന്നു.

വിഷയത്തിൽ ജോയിന്‍റ് പാർലമെന്‍റ് കമ്മിറ്റി അന്വേഷണം നടത്തണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.  ബിജെപി നേതാക്കളുടെ വിധ്വേഷ പ്രസംഗങ്ങൾക്ക് എതിരെ മുൻപും പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഒരു നടപടിയും ഫേസ്ബുക്കിന്‍റെ  ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു.

 

Comments (0)
Add Comment