ഭീകര സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന കമ്പനിയില്‍ നിന്ന് കോടികള്‍ കൈപ്പറ്റി ബി.ജെ.പി

Jaihind News Bureau
Friday, November 22, 2019

BJP-Flag

ഭീകര സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന കമ്പനിയില്‍ നിന്ന് കോടികള്‍ ബിജെപി കൈപ്പറ്റിയെന്ന് രേഖകള്‍. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കി എന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയ ആര്‍.കെ.ഡബ്ല്യു ഡെവലപ്പേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നാണ് ബി.ജെ.പി ഫണ്ട് കൈപ്പറ്റിയത്. കമ്പനിയില്‍ നിന്നും വലിയ തുക സംഭാവനയായി സ്വീകരിച്ചെന്ന് ബി.ജെ.പി. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

1993 ലെ മുംബൈ സ്ഫോടനത്തിലെ പ്രതിയും ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത സഹായിയുമായ അന്തരിച്ച ഇഖ്ബാല്‍ മേമന്‍ എന്ന ഇഖ്ബാല്‍ മിര്‍ച്ചിയുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്‍റെ പേരില്‍ എന്‍ഫോഴ്‌സമെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം നേരിടുന്ന കമ്പനിയാണ് ഇത്. ഇവരില്‍ നിന്നാണ് ബി.ജെ.പി തുക കൈപ്പറ്റിയത്. എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ട്രേറ്റ് നടത്തിയ അന്വേഷണത്തില്‍ ഇക്ബാല്‍ മിര്‍ച്ചിയുമായി ഇടപാടുകള്‍ നടത്തിയതിലും സ്വത്തുക്കള്‍ വാങ്ങിയതിലും ആര്‍.കെ.ഡബ്ല്യു ഡെവലപ്പേഴ്സ് ലിമിറ്റഡിന്‍റെ പങ്ക് വ്യക്തമായിരുന്നു.

ധവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡുമായി ചേര്‍ന്ന് ആര്‍.കെ.ഡബ്ല്യു 10 കോടി രൂപയാണ് ബി.ജെ.പിക്ക് 2014-15 ല്‍ നല്‍കിയത്. ഈ കമ്പനിയുടെ മുന്‍ ഡയറക്ടറായ രഞ്ജിത് ബിന്ദ്രയെ അനധികൃത ഇടപാടുകളുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തിരുന്നു.