രാഹുലിനെതിരായ രാവണ പരാമര്‍ശം; രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്


രാഹുല്‍ ഗാന്ധിയെ രാവണനാക്കിയുള്ള ബിജെപി പോസ്റ്റര്‍ പ്രചാരണം രാഹുലിനെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളും. രാഷ്ട്രീയത്തെയും സംവാദത്തെയും ഏതവസ്ഥയിലേക്കാണ് ബിജെപി കൊണ്ട് പോകുന്നതെന്് പ്രിയങ്ക ഗാന്ധി ചോദിച്ചു. രാഹുലിനെ ബിജെപിയും നേതാക്കളും ഭയപ്പെട്ട് തുടങ്ങി എന്നായിരുന്നു ശിവസേനയുടെ പ്രതികരണം.

പുതിയ യുഗത്തിലെ രാവണന്‍. അയാള്‍ തിന്മയാണ്. ധര്‍മത്തിനും രാമനും എതിരെ പ്രവര്‍ത്തിക്കുന്നു, ഭാരതത്തെ നശിപ്പിക്കുകയാണ് ലക്ഷ്യം. ഇതാണ് ബിജെപി സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ച ചിത്രത്തിനൊപ്പമുണ്ടായിരുന്ന വരികള്‍. രാഹുലിനെതിരെ പ്രകോപനവും അക്രമവും ഉണ്ടാക്കാനാണ് ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുലിനെ ഇല്ലാതാക്കാനാണ് ബി ജെ ആഗ്രഹിക്കുന്നതെന്ന് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്കുറ്റപ്പെടുത്തി. വാഗ്ദാനങ്ങള്‍ പോലെ എടുത്ത പ്രതിജ്ഞകളും മറന്നോ എന്നും പ്രകോപനപരമായ ട്വീറ്റുകളോട് പ്രധാനമന്ത്രിയും ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയും യോജിക്കുന്നുണ്ടോ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രിയും നദ്ദയും മറുപടി പറയണമെന്നാവശ്യപ്പെട്ട് പിസിസികളുടെ നേതൃത്വത്തില്‍ ബിജെപി ഓഫീസുകളിലേക്ക് പ്രതിഷേധം തുടരുകയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയ ഭീതിയിലാണ് ബി ജെ പി എന്നും ജനദ്രോഹ നിലപാട് ഉള്ളത് ബി ജെ പി ക്കുള്ളില്‍ ആണെന്നത് വ്യക്തമാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. ഇന്ത്യ മുന്നണിയുടെ മുന്നോട്ട് പോക്കിലുള്ള ബിജെപിയുടെ അസ്വസ്ഥതയാണതെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി പ്രതികരിച്ചു.

അതേസമയം,ആലപ്പുഴയിലും തിരുവനന്തപുരത്തും ബിജെപി ഓഫിസിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. ആലപ്പുഴയില്‍ പരസ്പരം മുദ്രാവാക്യം വിളിച്ച് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ആലപ്പുഴ ഡിസിസി ഓഫിസിനുസമീപം റോഡില്‍ ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരിക്കുന്നു. തിരുവനന്തപുരത്ത് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.

Comments (0)
Add Comment