‘ബിജെപി പ്രോത്സാഹിപ്പിക്കുന്നത് അഴിമതിക്കാരെയും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാത്ത നേതാക്കളെയും’: പ്രിയങ്കാ ഗാന്ധി

 

കോർബ/ഛത്തീസ്ഗഢ്: ബിജെപി പ്രോത്സാഹിപ്പിക്കുന്നത് അഴിമതിക്കാരെയും ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കാത്ത നേതാക്കളെയും മാത്രമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. മോദി സർക്കാർ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ ശതകോടീശ്വരന്മാർക്ക് കൈമാറുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

രാജ്യത്ത് എന്തുതരം രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നതെന്നും എങ്ങനെയുള്ള നേതാക്കളെയാണ് ബിജെപി പ്രോത്സാഹിപ്പിക്കുന്നതെന്നും ജനങ്ങൾ കാണുന്നുണ്ട്. രണ്ടു വിഭാഗം നേതാക്കളെ മാത്രമാണ് ബിജെപിക്ക് താല്പര്യം. അഴിമതിക്കാരായ നേതാക്കളെ ബിജെപി അവരുടെ ക്യാമ്പിലേക്ക് എത്തിക്കുകയാണ്. ബിജെപിയിലെത്തുന്നതോടെ അവർക്കെതിരായ കേസുകളെല്ലാം ഇല്ലാതാക്കപ്പെടുന്നു. ജനക്ഷേമത്തെക്കുറിച്ചോ ജനകീയ പ്രശ്‌നങ്ങളെക്കുറിച്ചോ അന്വേഷിക്കാത്ത നേതാക്കളെയാണ് ബിജെപി പ്രോത്സാഹിപ്പിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

മതത്തിന്‍റെ പേരിൽ ജനങ്ങളെ വിഭജിച്ച് വോട്ട് നേടാമെന്നും 5 കിലോ റേഷൻ നൽകി ജനങ്ങളെ ആശ്രിതരാക്കാമെന്നുമാണ് ബിജെപി കരുതുന്നത്. അവർക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് യാതൊരു വിചാരവുമില്ല. ബിജെപി വോട്ട് ചോദിച്ചെത്തുമ്പോൾ തൊഴിലെവിടെ എന്നും 30 ലക്ഷം തസ്തികകളിലെ ഒഴിവിനെക്കുറിച്ച് ചോദിക്കണമെന്നും പ്രിയങ്ക ഓർമ്മിപ്പിച്ചു. ഛത്തീസ്ഗഢിലെ കോർബ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള ന്യായ് സങ്കൽപ് സഭയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

Comments (0)
Add Comment