രാഷ്ട്രീയവും വോട്ടുംതന്നെ ബി.ജെ.പിക്ക് പ്രധാനം; ഇന്ത്യന്‍ വൈമാനികന്‍ പാക് പിടിയിലായിട്ടും രാഷ്ട്രീയ പരിപാടികള്‍ക്ക് മാറ്റമില്ലാതെ പ്രധാനമന്ത്രി

Jaihind Webdesk
Thursday, February 28, 2019

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലായ രൂക്ഷമായ സാഹചര്യത്തിലും പാര്‍ട്ടി പരിപാടികളും തെരഞ്ഞെടുപ്പ് ലക്ഷ്യവുമായി മുന്നോട്ടുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ പരിപാടികളിലാണ് നരേന്ദ്ര മോദി പങ്കെടുക്കുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാഷ്ട്രീയ പരിപാടികള്‍ മാറ്റിവെക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടും രാഷ്ട്രീയ പരിപാടികള്‍ക്ക് മാറ്റം വരുത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ് എന്ന അവകാശവാദത്തോടെ ബിജെപിയുടെ മേരാ ബൂത്ത് സബ്സേ മസ്ബൂത്ത് പരിപാടിയില്‍ മോഡി പങ്കെടുത്തു. മുന്‍ നിശ്ചയിച്ച പ്രകാരം രാജ്യമെമ്പാടുമുള്ള 1 കോടി ബിജെപി പ്രവര്‍ത്തകരോട് സംവദിക്കുന്ന കോണ്‍ഫറന്‍സ് റെക്കോര്‍ഡായിരിക്കുമെന്ന് പരിപാടിയില്‍ മോഡി അറിയിച്ചു.
ദേശസുരക്ഷ ബിജെപി രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെ തന്നെയാണ് മോഡിയുടെ പരിപാടി. ഇന്നലെ ഇന്ത്യന്‍ വൈമാനികന്‍ പാകിസ്താന്‍ തടവിലായ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്ന നിശ്ചയിച്ചിരുന്ന വര്‍ക്കിങ്ങ് കമ്മിറ്റി മാറ്റി വയ്ക്കാന്‍ തീരുമാനിച്ചിരുന്നു. രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് അഭിനന്ദനെ തിരിച്ചെത്തിക്കാന്‍ വേണ്ട നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്നത്തെ പരിപാടി മാറ്റി വെയ്ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. അഭിനന്ദിന്റെ തിരിച്ചു വരവിനായി രാജ്യം മുവുവന്‍ കാത്തിരിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് പാര്‍ട്ടി പ്രചരണം മിനിറ്റുകള്‍ക്ക് പോലും നിര്‍ത്തി വെയ്ക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.