പല്‍ഘർ ആള്‍ക്കൂട്ട കൊലപാതകം: പ്രതികളില്‍ ബി.ജെ.പി ഭാരവാഹികളും; പുറത്താക്കാത്തതെന്തെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Friday, April 24, 2020

 

പല്‍ഘർ ആള്‍ക്കൂട്ട കൊലപാതകത്തിലെ രണ്ട് പ്രതികള്‍ ബി.ജെ.പി ഭാരവാഹികളെന്ന് കോണ്‍ഗ്രസ്. മഹാരാഷ്ട്രയിലെ പല്‍ഘറില്‍ രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം വർഗീയവത്ക്കരിക്കാനാണ് ബി.ജെ.പി ആദ്യംമുതലേ ശ്രമിച്ചിരുന്നത്. സന്യാസിമാരെ കൊലപ്പെടുത്തിയതില്‍ രണ്ട് ബി.ജെ.പിക്കാരും ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇവരെ പാർട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ബി.ജെ.പി തയാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കേസിലെ 61 ഉം 65 ഉം പ്രതികളായ ഈശ്വര്‍ നികൊലെ, ബാഹു സാതെ എന്നിവരാണ് ബി.ജെ.പി ഭാരവാഹികളെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് ആരോപിച്ചു. ദഹാനു മണ്ഡല്‍ ബി.ജെ.പിയുടെ ഔദ്യോഗിക പേജില്‍ ഈശ്വര്‍ നികൊലെയെ ബി.ജെ.പി ഭാരവാഹി എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ബാഹു സതേ എന്നയാള്‍ ബൂത്ത് തലത്തിലുള്ള ഭാരവാഹിയാണെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു. മറ്റ് ചില ബി.ജെ.പി പ്രവർത്തകരും സംഭവത്തില്‍ പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്.

സന്യാസിമാരെ കൊലപ്പെടുത്തിയ ഹീനകൃത്യത്തിലെ എല്ലാ പ്രതികള്‍ക്കുമെതിരെ മഹാരാഷ്ട്ര സർക്കാർ കർശന നടപടി സ്വീകരിക്കും. പക്ഷെ ബി.ജെ.പി പ്രതികളായ പാർട്ടി പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും സാവന്ത് ചോദിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ചില കേസുകളിലെ പ്രതികളെ ബി.ജെ.പി നേതാക്കള്‍ പിന്നീട് ആദരിക്കുന്നതാണ് കാണാനാകുന്നതെന്നും സച്ചിന്‍ സാവന്ത് കുറ്റപ്പെടുത്തി.

ഏപ്രില്‍ 17 നാണ് രണ്ട് ഹിന്ദു ഗോത്രവര്‍ഗ സന്യാസിമാരും ഡ്രൈവറും പല്‍ഘറില്‍ കൊല്ലപ്പെട്ടത്. മുംബൈയിലെ കണ്ടിവാലിയിൽ നിന്ന് ഗുജറാത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന അഭ്യൂഹത്തെ തുടർന്നായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. പല്‍ഘര്‍ ജില്ലയിലെ ഗഡ്ചിന്‍ചാലെ ഗ്രാമത്തില്‍ മുസ്‌ലീങ്ങള്‍ ഇല്ലെന്നതാണ് വസ്തുത എന്നിരിക്കെയും സംഘ്പരിവാര്‍ സംഘടനകള്‍ വർഗീയ ആരോപണവുമായി രംഗത്തെത്തിയിരുന്നു. അതേസമയം പല്‍ഘറിലെ ആള്‍ക്കൂട്ടകൊലപാതകം വര്‍ഗീയവത്ക്കരിക്കാനുളള ശ്രമം ഗ്രാമവാസികള്‍ തന്നെ തള്ളിയിരുന്നു. പൽഘറില്‍ സന്ന്യാസിമാര്‍ ആക്രമിക്കപ്പെട്ടത് വർഗീയ വിഷയമല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.