രാജ്യം കരയുമ്പോഴും മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് ചൂടിലാണ്

Jaihind Webdesk
Friday, February 15, 2019

നാൽപതോളം ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ട ഭീകരാക്രമണത്തിൽ രാജ്യം മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോഴും ഔദ്യോഗിക രാഷ്ട്രീയ പരിപാടികളിൽ മാറ്റം വരുത്താതെ ബി.ജെ.പി. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിരുന്നു. ഇത് ദുഖാചരണത്തിന്‍റെ സമയമാണെന്നും സുരക്ഷാസേനയ്ക്കും കേന്ദ്രസർക്കാരിനും പൂർണ പിന്തുണ നല്‍കേണ്ട അവസരമാണിതെന്നും ആയിരുന്നു രാഹുലിന്‍റെ പ്രതികരണം.

ദേശസ്നേഹത്തെക്കുറിച്ചും സൈനികരുടെ ജീവിതത്തെക്കുറിച്ചും എപ്പോഴും വാചാലകരാകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും 40 ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിലും ഇന്നും ഇന്നലെയും ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രാചരണങ്ങൾക്കോ പൊതുപരിപാടികൾക്കോ മാറ്റം വരുത്താത്തത് വിവാദമാവുകയാണ്.രാജ്യം മുഴുവൻ ദുഖാചരണത്തിൽ മുഴുകിയിരിക്കുമ്പോൾ ഔദ്യോഗിക രാഷ്ട്രീയ പരിപാടികളുമായി മുന്നോട്ട് പോയ ഒരേയൊരു പാർട്ടി ബി.ജെ.പി മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും പങ്കെടുക്കുന്ന റാലികളും പൊതു പരിപാടികളും മാറ്റി വെക്കുന്നു എന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഝാൻസിയിലെ റാലിയിൽ പങ്കെടുത്ത മോദി, രാഷ്ട്രീയ ആക്രമണങ്ങൾക്കായി അവസരം പ്രയോജനപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്.

രാജ്യം മുഴുവൻ ഞെട്ടിവിറച്ച് ഭീകരാക്രമണത്തെ കുറിച്ചുള്ള വിശദാംശകൾക്കായി കാതോർക്കുമ്പോൾ വൈകിട്ട് കർണാടകത്തിലെ റായ്ച്ചൂരിൽ അമിത് ഷാ പങ്കെടുത്ത പരിപാടിയിലും പ്രതിപക്ഷത്തെ ആക്രമിക്കാനായി അവസരം പ്രയോഗിക്കുന്നതിലായിരുന്നു ശ്രദ്ധ. രാത്രി 8 .30ന് ബി.ജെ.പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത് ലൈവായി കാണിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെത്തിയ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ സഖ്യ സാധ്യതകൾ ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശക്തിപ്പെടുത്താനാണ് താൻ എത്തിയിത് എന്ന് മാധ്യമങ്ങളോട് തുറന്നുപറയുകയും ചെയ്തു.

കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ വൈകിട്ട് യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിയിലും രാജ്യം നേരിടുന്ന ഭീകരാക്രമണത്തേക്കാൾ പ്രതിപക്ഷത്തെ ആക്രമിക്കുന്നതിലായിരുന്നു യോഗിയുടെ ശ്രദ്ധ. ഇതിനെക്കാളൊക്കെ വിവാദമാകുന്നത് ഡല്‍ഹിയിലെ ബി.ജെ.പി എം.പി മനോജ് തീവാരിയുടെ നടപടികളാണ്. ഇന്നലെ രാത്രി രാജ്യം മുഴുവൻ ദുഃഖത്തിലാഴ്ന്നപ്പോൾ മനോജ് തിവാരി അലഹാബാദിലെ സംഗീത നിശയിൽ ആടിത്തിമിർക്കുകയായിരുന്നു.

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ടുപഠിക്കാനുള്ള വിവേകമെങ്കിലും കാട്ടണം എന്നാണ വിമർശകർ ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെടുന്നത്. വിദേശ സ്ഥാനപതിമാരുമായി രാഹുൽ നടത്താനിരുന്ന കൂടിക്കാഴ്ചയും ലക്നൌവിൽ പ്രിയങ്ക നടത്താനിരുന്ന വാര്‍ത്താ സമ്മേളനവുമാണ് റദ്ദാക്കിയത്. ജി 20 രാജ്യങ്ങളിലെയും അയൽ രാജ്യങ്ങളിലേയും സ്ഥാനപതിമാരുമായി നടത്താനിരുന്ന ഇന്നത്തെ കൂടിക്കാഴ്ചയും കോൺഗ്രസ് അധ്യക്ഷൻ മാറ്റിവെച്ചു.

പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണം വെറുപ്പുളവാക്കുന്നതാണ് എന്നും പ്രതികരിച്ചു. കേന്ദ്ര സർക്കാറിനെയും സുരക്ഷാ സേനയെയും പിന്തുണയ്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പുൽവാമയിൽ മരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒപ്പമുണ്ടാകുമെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും പറഞ്ഞു. തീവ്രവാദത്തിന് മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.[yop_poll id=2]