ലോക്സഭാ തെരഞ്ഞെടുപ്പ് : ബിജെപിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടത് IB റിപ്പോര്‍ട്ടിനെതുടര്‍ന്ന്; 30 സീറ്റുകള്‍ക്കെങ്കിലും യുപിഎ മുന്നില്‍ എത്തുമെന്ന് ഐബി

Jaihind Webdesk
Thursday, May 9, 2019

ഏഴു ഘട്ടമായുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചു ഘട്ടങ്ങള്‍ പിന്നിട്ടതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട തരത്തിലാണു ബിജെപിയുടെ പ്രവര്‍ത്തനമെന്ന് റിപ്പോര്‍ട്ട്. ബിജെപി കേന്ദ്രങ്ങളില്‍ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലും നാലു ഘട്ടങ്ങളിലെ പോളിങ് പൂര്‍ത്തിയായപ്പോള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടുമാണ് ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്‍ഡിഎയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യുപിഎയ്ക്കു ലഭിക്കുമെന്ന തരത്തിലായിരുന്നു ഇന്‍റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ ബിജെപി നേതാക്കള്‍ക്ക് ആത്മവിശ്വാസം കുറഞ്ഞ് തുടങ്ങിയതായാണ് വിലയിരുത്തല്‍.

371 സീറ്റുകളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കുറഞ്ഞത് 30 സീറ്റുകള്‍ക്കെങ്കിലും യുപിഎ മുന്നിലാണെന്ന തരത്തിലാണ് ഐബി റിപ്പോര്‍ട്ട് ചെയ്തതെന്നായിരുന്നു ഈ മാധ്യമ റിപ്പോര്‍ട്ടുകള്‍. തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി), തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), എസ്പി, ബിഎസ്പി, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളെ ഒഴിവാക്കിക്കൊണ്ടുള്ള യുപിഎ കക്ഷികളുടെ മാത്രം ചേര്‍ത്തുള്ള സീറ്റുകളുടെ എണ്ണം ആയിരുന്നു ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയ റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നത്. ഇവര്‍ നേടുന്ന സീറ്റുകളും ബിജെപിക്കു തിരിച്ചടിയുണ്ടാകും എന്ന സൂചന തന്നെയാണ് ഈ റിപ്പോര്‍ട്ടകളിലെല്ലാം എന്നായിരുന്നു വിലയിരുത്തല്‍.

ആര്‍എസ്‌എസ് നേതൃത്വത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം പറഞ്ഞത് ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷമായ 271 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ ‘വളരെ സന്തോഷം’ എന്നാണ്. ബുധനാഴ്ച രാവിലെ ക്രൈസ്തവ സഭാ നേതാക്കളുമായുള്ള യോഗത്തില്‍ ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്‌ലിയും സമാനമായ സൂചന നല്‍കിയിരുന്നു.