‘ബിജെപി നേതാക്കള്‍ ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവും’: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നുമാണ് കര്‍ണാടകത്തിലെ മന്ത്രി മുനിരത്‌ന പറഞ്ഞത്. രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബിജെപി ക്രൈസ്തവരോട് കാട്ടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവർക്കെതിരായ ക്രൂരതകളും മറച്ചുവെക്കാനാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബി.ജെ.പി നേതാക്കാള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണ്.

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടകത്തില്‍ ഒരു ബി.ജെ.പി മന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത് എല്ലാവരും കേള്‍ക്കേണ്ടതാണ്. ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നുമാണ് മന്ത്രി മുനിരത്‌ന പറഞ്ഞത്. രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബി.ജെ.പി ക്രൈസ്തവരോട് കാട്ടുന്നത്.

നാല് വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. ക്രിസ്മസ് ആരാധന പോലും തടസപ്പെടുത്തി. വൈദികര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇപ്പോഴും ജയിലുകളിലാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആക്രമിക്കപ്പെട്ടത്.

ലോകാരാധ്യയായ മദർ തെരേസക്ക് നൽകിയ ഭാരതരത്നം പോലും പിൻവലിക്കണമെന്നാണ് ആർ.എസ്.എസ് പറയുന്നത്. ഇതുവരെ ആർ.എസ്.എസ് നേതാക്കൾ ഈ നിലപാടിൽ നിന്ന് പിന്നോക്കം പോയിട്ടുമില്ല.

ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവർക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത്.

Comments (0)
Add Comment