കുഴല്‍പ്പണത്തില്‍ ബിജെപിയുടെ പ്രതിരോധം ; നേതാക്കള്‍ക്ക് പങ്കില്ല, മാധ്യമങ്ങളടക്കം വളഞ്ഞിട്ടാക്രമിക്കുന്നെന്നും ന്യായീകരണം

Jaihind Webdesk
Sunday, June 6, 2021

കൊച്ചി : പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിച്ച് ബിജെപി സംസ്ഥാന നേതൃത്വം. കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കില്ലെന്ന് കോര്‍കമ്മിറ്റി യോഗത്തിന് ശേഷം കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപിയെ വളഞ്ഞിട്ടാക്രമിക്കുകയാണ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം ബി.ജെ.പി ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കുമെന്നും മഞ്ചേശ്വരം സംഭവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലന്നും കുമ്മനം വ്യക്തമാക്കി.

അതേസമയം കുഴൽപ്പണക്കേസിൽ ബിജെപി  അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ മകനിലേക്കും അന്വേഷണം നീങ്ങുന്നു. കേസിലെ പരാതിക്കാരനായ ധർമ്മരാജനുമായി സുരേന്ദ്രന്‍റെ മകൻ കോന്നിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

കൊടകര കുഴൽപ്പണക്കേസിൽ നിർണായക നീക്കങ്ങളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നു. പണം കവർച്ച ചെയ്യപ്പെട്ട ദിവസവും അതിനോടനുബന്ധിച്ചും ധർമ്മരാജന്‍റെ ഫോണിലേക്ക് വന്ന കോളുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കെ സുരേന്ദ്രന്‍റെ മകന്‍റെ ഫോൺ നമ്പറിൽ നിന്ന് ധർമ്മരാജന്‍റെ ഫോണിലേക്കും തിരിച്ചും കോളുകൾ പോയിട്ടുണ്ട്.

ആരാണ് സംസാരിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ സുരേന്ദ്രന്‍റെ മകനെ ചോദ്യം ചെയ്യും. മാത്രവുമല്ല തെരഞ്ഞെടുപ്പ് സമയത്ത് കോന്നിയിൽ വെച്ച് സുരേന്ദ്രന്‍റെ മകനും ധർമ്മരാജനും കൂഴിക്കാഴ്ച നടത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കൂടിക്കാഴ്ച നടത്തിയ ഹോട്ടലിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.