കാസർഗോഡ് : ബിജെപി നേതാക്കള്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നും ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി തെരഞ്ഞെടുപ്പ് കോഴ വിവാദം വെളിപ്പെടുത്തിയ കെ സുന്ദര. അന്വേഷണ സംഘം കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയത്. ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്‍റെ വീട്ടിൽ വെച്ചായിരുന്നു മൊഴിയെടുപ്പ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിക്കാതിരിക്കാന്‍ ബിജെപി തനിക്ക് പണവും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.വി രമേശനാണ് പരാതി നല്‍കിയത്. ഇന്നലെ വിവി രമേശന്‍റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നും സുന്ദര മൊഴി നല്‍കി.
സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുരേന്ദ്രന്‍റെ നിര്‍ദേശപ്രകാരമാണ് പ്രാദേശിക നേതാക്കള്‍ പണം നല്‍കിയതെന്നാണ് വെളിപ്പെടുത്തല്‍. പണവും മൊബൈല്‍ ഫോണും നല്‍കിയതിന് പിന്നാലെ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും വാഗ്ദാനം ചെയ്തെന്നും സുന്ദര പറഞ്ഞു.