പോളിങ് ബൂത്തിലെ സെല്‍ഫി: ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്

Jaihind Webdesk
Friday, April 12, 2019

തെരഞ്ഞെടുപ്പിനിടെ പോളിങ് ബൂത്തില്‍ സെല്‍ഫിയെടുത്തവര്‍ക്കെതിരെ പോലീസ് നടപടി. ഉത്തരാഖണ്ഡിലാണ് സംഭവം. പോളിങ് ബൂത്തില്‍ വെച്ച് ചിത്രമെടുക്കുകയും അത് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തതിനെത്തുടര്‍ന്നായിരുന്നു പൊലീസ് നടപടി. ഹരിദ്വാര്‍, നൈനിറ്റാള്‍ എന്നീ രണ്ട് സ്ഥലങ്ങളിലായാണ് സംഭവങ്ങള്‍ നടന്നത്.

ഹരിദ്വാറില്‍, ബിജെപി ജില്ലാ സെക്രട്ടറി വിശാഖ് തിവാരി ബിജെപി നേതാവ് രവി ജയ്‌സ്വാള്‍ എന്നിവരോടൊപ്പം രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. നൈനിറ്റാളില്‍, പോളിങ് ബൂത്തിനുള്ളില്‍ സെല്‍ഫിയെടുത്തതിനെത്തുടര്‍ന്നാണ് രണ്ട് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. നൈനിറ്റാളില്‍ വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

പോളിംഗ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡില്‍ 58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.